embalam
എംബ്ളം

മാനന്തവാടി: തമിഴ്നാടും കർണാടകയും കേരളവും തമ്മിലുള്ള അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലാണ് വയനാടിന്റെ മണ്ണിൽ നടക്കുന്ന സാഹിത്യോത്സവമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് ഡൽഹി സന്ദർശിക്കേണ്ടതിനാൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.

സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വിപ്ലവകാരിയും കവിയും ക്രാന്തദർശിയുമായ ബസവണ്ണയെ പോലുള്ളവർക്കുള്ള ആദരമാണ് ഈ ഫെസ്റ്റിവൽ. ബസവണ്ണയുടെ വാക്കുകൾ ഇന്നും നമ്മളെ പ്രചോദിപ്പിക്കുന്നു. ഗ്രാമീണ സാഹിത്യോത്സവത്തിൽ അദ്ദേഹത്തിന്റെ പാരമ്പര്യം ഓർമ്മിക്കുന്നത് വളരെ ഉചിതമാണ്. ഈ ഫെസ്റ്റിവലിന്റെ ടാഗ് ലൈൻ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ തുല്യനീതി പ്രതിഫലിപ്പിക്കുന്നതാണ്, അത് സാംസ്‌കാരിക വൈവിദ്ധ്യവും സാമൂഹികനീതിയും ഉറപ്പിക്കുന്നതിലെ അടിസ്ഥാനശിലയാണ്. നമുക്ക് നമ്മുടെ വൈവിദ്ധ്യങ്ങളെ ആഘോഷിക്കാം. അതോടൊപ്പം കൂടുതൽ സമത്വമാർന്നതും നീതിയധിഷ്ഠിതവുമായ സമൂഹത്തെ കെട്ടിപ്പടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമ പ്രവർത്തക പൂജ പ്രസന്ന, സിദ്ധരാമയ്യയുടെ ഉദ്ഘാടനപ്രസംഗ സന്ദേശം വേദിയിൽ വായിച്ചു.

ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയ എല്ലാ ആശയങ്ങളും , ചെറിയ കൂട്ടായ്മകളിൽ നിന്ന്, കൂട്ടമായ ആശയവിനിമയത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന്, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷനായിരുന്നു. മാദ്ധ്യമപ്രവർത്തകയും അഭിഭാഷകയുമായ ലീന രഘുനാഥ്, ജോസഫ് കെ ജോബ്, ജസ്റ്റിൻ ബേബി, വി എസ് നിഷാന്ത് എന്നിവർ സന്നിഹിതരായിരുന്നു.

മാനന്തവാടി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ 29 വരെയാണ് വയനാട് സാഹിത്യോത്സവം . ഉദ്ഘാടന സമ്മേളനത്തി ൽ പങ്കെടുക്കാനെത്തിയവരെല്ലാം സാഹിത്യോത്സവം മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യത്തെയും സർഗാത്മാകതയെയും പ്രതീകമാക്കിക്കൊണ്ട് വ്യത്യസ്ത നിറത്തിലുള്ള ബലൂണുകൾ പറത്തി.