സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ലീസ് ഭൂമിയിൽ നിന്ന് പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു . ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. കാട്ടിക്കുളം സ്വദേശി അജിത് (26) ആണ് ഇന്നലെ പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ തൃശ്ശിലേരി നുഞ്ചിക്കണ്ടി ചന്ദ്രൻ (37), മേപ്പാടി പള്ളിപറമ്പ് ബാബുമോൻ (42), കാട്ടിക്കുളം സ്വദേശികളായ അറ്റാത്ത് വീട്ടിൽ അനീഷ് (20), പ്രകാശൻ (23), ബാലുശ്ശേരി പനങ്ങാട് കാരണത്ത് വീട്ടിൽ രൻജിത്ത് (31) എന്നിവരെ ബത്തേരി കോടതി റിമാൻഡ് ചെയ്തു. പൊൻകഴി സെക്ഷൻ ഫോറസ്റ്റ് പരിധിയിൽ വരുന്ന മുറിയൻ കുന്നിൽ വെച്ചാണ് പ്രതികളെ മാനിറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച മൂന്ന് തോക്കുകളും സഹിതം വ്യാഴാഴ്ച ഉച്ചയ്ക്ക് വനപാലകർ പിടികൂടിയത്.