bullat
മയക്ക് വെടിവെച്ച് പിടി കുടിയ കാട്ടാന ബുള്ളറ്റ്‌

അയ്യൻ കൊല്ലി: ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കു വെടിവച്ച് പിടികൂടി. ഇന്നലെ വൈകീട്ട് കേരള അതിർത്തിയോട് ചേർന്ന അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയത്. തുടർന്ന് താപ്പാനകളായ ശ്രീനിവാസൻ, ബൊമ്മൻ എന്നിവയുടെ സഹായത്തോടെ ലോറിയിൽ കയറ്റി മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കാട്ടാന തകർത്തത്. വീട് തകർത്ത് ഭക്ഷണസാധനങ്ങൾ ഭക്ഷിക്കലാണ് കൊമ്പന്റെ ശീലം. പ്രദേശവാസികളുടെ പ്രതിഷേധമുയർന്നതോടെ വനംവകുപ്പ് ശക്തമായ നിരീക്ഷണവും കാവലുമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കാവയലിൽ രണ്ടു വീടുകൾ തകർത്തു. ഈ സമയം ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ കൊമ്പനെ പിടികൂടണമെന്നുള്ള ആവശ്യമുന്നയിച്ച് പ്രതിഷേധം നാട്ടുകാർ ശക്തമാക്കിയതോടെയാണ് കാട്ടു കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്.

കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ഇന്നലെ രാവിലെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. മുതുമല ഭാഗത്ത് നിന്ന് ആന വയനാട് അതിർത്തിയായ പാട്ടവയൽ ഭാഗത്തേയ്ക്ക് നീങ്ങി. ഉച്ചയോടെ അയ്യൻ കൊല്ലി ഭാഗത്തെ ഗ്രാന്റീസ് തോട്ടങ്ങളിലും ആംകോ തേയില തോട്ടത്തിലുമായി നിലയുറപ്പിച്ചു. വൈകീട്ട് ആനയെ മയക്കുവെടിവയ്ക്കാൻ സൗകര്യത്തി ന് ആം കോ ഫാക്ടറിക്ക് സമീപം കണ്ടെത്തിയതോടെ ബുള്ളറ്റിന്റെ നേരെ വനം വകുപ്പിലെ ഡോക്ടർ മയക്കുവെടി വയ്ക്കുകയായിരുന്നു.

ആനയെ മയക്ക് വെടിവയ്ക്കാൻ പാകത്തിന് കണ്ടെത്തിയതോടെ ഈ വഴിയുള്ള ഗതാഗതം പൂർണമായി തടയുകയും ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയ ശേഷമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്. ആന പിടിയിലായതോടെ പ്രദേശത്തെ ജനങ്ങൾക്കും ആശ്വാസമായി.