കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക് നെടുമ്പാലയിലും കൽപ്പറ്റയിലും ഉയരുക അതിജീവനത്തിന്റെ ടൗൺഷിപ്പ്. മേപ്പാടി ടൗണിൽ നിന്ന് മൂന്നര കിലോമീറ്റർ മാറിയാണ് ടൗൺഷിപ്പ് പദ്ധതിക്കായി ഏറ്റെടുക്കുന്ന ഹാരിസൺസ് മലയാളം എസ്റ്റേറ്റ്. കോട്ടപ്പടി വില്ലേജിൽ സർവെ നമ്പർ 366ൽ പ്പെട്ട തേയിലത്തോട്ടമാണ് നെടുമ്പാല. ഡോ. ജോൺ മത്തായി കമ്മിറ്റി പരിശോധിച്ച 19 സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കിയ ഭൂമിയാണിത്. മേപ്പാടി മുട്ടിൽ റോഡിൽ നെടുമ്പാല ക്ഷേത്രത്തിനോട് ചേർന്നുള്ള 50 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. വീടുകൾ നിർമ്മിക്കുന്നതിന് കൂടുതൽ മണ്ണ് നീക്കം ചെയ്യേണ്ട ആവശ്യമില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ ദുരന്തബാധിതർക്ക് കൂടുതൽ ഇഷ്ടവും ഈ ഭൂമിയോടാണ്. സ്‌കൂൾ, ക്ഷേത്രം, മസ്ജിദ് , ചർച്ച് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് അടുത്തായതിനാൽ കുടിവെള്ളം ലഭ്യമാക്കാനും എളുപ്പത്തിൽ കഴിയും.
300 വീടുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക്
കൽപ്പറ്റ:കൽപ്പറ്റയിലേത് നഗരത്തിനടുത്ത ടൗൺഷിപ്പായി മാറും. കൽപ്പറ്റ ബൈപ്പാസിന് സമീപം എൽസ്റ്റൺ എസ്റ്റേറ്റിലെ സർവെ നമ്പർ 88/1ൽപെട്ട തേയിലത്തോട്ടമാണ് രണ്ടാമത്തെ ടൗൺഷിപ്പ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ജില്ലാ ആസ്ഥാനത്ത് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയായി നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയോട് ദുരന്തബാധിതർക്ക് താല്പര്യമുണ്ട്. 500 ഓളം വീടുകൾ നിർമ്മിക്കാൻ കഴിയുന്ന സ്ഥലമാണ് ഏറ്റെടുക്കുക. എന്നാൽ പദ്ധതി നടപ്പാക്കുന്ന പ്രദേശം റാട്ടകൊല്ലി മലയടിവാരത്താണ് . അപകടസാദ്ധ്യത ഉണ്ടാകാനിടയില്ലെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് ടൗൺഷിപ്പ് നടപ്പിലാക്കുന്നത്. ആരാധനാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടുത്തുതന്നെ ലഭ്യമാകും. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയ ശേഷം നറുക്കെടുപ്പിലൂടെയാകും ഏത് പദ്ധതിയിൽ ഉൾപ്പെടണമെന്ന് തീരുമാനിക്കുക. ചൂരൽമല ടൗൺഷിപ്പ് എന്നും മുണ്ടക്കൈ ടൗൺഷിപ്പ് എന്നും പേരിട്ട് ഇരു ഗ്രാമവാസികളെയും രണ്ടിടത്ത് പുനരധിവസിപ്പിക്കാനുള്ള ആലോചനയുമുണ്ട്.