സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും വിഷം അകത്തു ചെന്ന് മരിക്കാനിടയായ സംഭവത്തിൽ കേസന്വേഷണ ചുമതല സുൽത്താൻ ബത്തേരി ഡിവൈ.എസ്.കെ. കെ.അബ്ദുൾ ഷെരീഫിന്. ഏഴംഗ സംഘമാണ് അനേഷണം നടത്തുക. മരണ കാരണത്തെപ്പറ്റിയാണ് പ്രധാനമായും അന്വേഷണം. അന്വേഷണ സംഘം ശനിയാഴ്ച നിരവധി പേരുടെ മൊഴിയെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതോടൊപ്പം വീട്ടുകാരുടെ മൊഴിയുമെടുക്കുമെന്ന് ഡിവൈ.എസ്.പി കെ. കെ.അബ്ദുൾ ഷെരീഫ് പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ് പ്രചരിച്ചിട്ടുള്ളത്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളായതിനാൽ ആ മേഖലയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും, എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കും. അതിനിടെ വിജയന്റെ മരണത്തിന് പിന്നിൽ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട കോഴ മാഫിയയ്ക്ക് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതിനാൽ സമഗ്രാന്വഷണം നടത്തണമെന്ന് സി.പി.എമ്മും സി.പി.ഐയും ആവശ്യപ്പെട്ടു .

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ക്കെതിരെ കരാർ ഉടമ്പടിയുമായി ഒരു കുറിപ്പ് പുറത്തുവന്നത് വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിന് വീണ്ടും തിരികൊളുത്തുന്നതായി. ഇത്തരത്തിലൊരു കുറിപ്പിന്റെ കാര്യം അറിയില്ലെന്നും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സി.പി.എം സുൽത്താൻ ബത്തേരിയിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തും. വിജയനും മകൻ ജിജേഷും ക്രിസ്മസ് തലേന്നാണ് വിഷം അകത്തു ചെന്ന് അവശ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും മരിച്ചത്.