
മേപ്പാടി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ‌് ലക്ഷ്യമിട്ട് മെഗാ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം വയനാട്ടിലെ മേപ്പാടിയിൽ. ഇവിടെ ജ്യോതിഷ് ബിൽഡിംഗിലെ രണ്ടാം നിലയിലുള്ള ഒറ്റ മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വേണ്ടത്ര രേഖകളില്ലാതെ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് സ്ഥാപനമെന്നാണ് ആക്ഷേപം.
സ്ഥാപനത്തിനെതിരെ കേസെടുത്തതോടെ ഇവിടെയെത്തി പൊലീസ് അന്വേഷണം നടത്തിയേക്കും. മിക്ക ദിവസവും ഓഫീസ് അടഞ്ഞു കിടക്കാറാണുള്ളതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മൃദംഗ വിഷൻ എന്ന മാഗസിനും സ്ഥാപനം പുറത്തിറക്കുന്നുണ്ട്. സ്ഥാപനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പറയുന്നു.