
സുൽത്താൻ ബത്തേരി: ഡി. സി. സി ട്രഷറർ എൻ.എം വിജയന്റെ മരണത്തിനുത്തരവാദികൾ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും കെ.പി.സി.സി നേതൃത്വവുമാണെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം, എം.എൽ.എ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന ഇടപാടുമായി ബന്ധപ്പെട്ട് എൻ.എം.വിജയൻ നേരത്തെ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു. പരാതി ഗൗരവമായി എടുത്തിരുന്നെങ്കിൽ രണ്ടു പേരുടെയും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു. വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദികൾ കോൺഗ്രസ് നേതൃത്വവും സ്ഥലം എം.എൽ.എയുമാണെന്നും റഫീഖ് പറഞ്ഞു. ഏരിയാ കമ്മറ്റി അംഗം എം.എസ്. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.
ഇരട്ടക്കൊല:
വി.കെ.സനോജ്
ഡി.സി.സി ട്രഷററും മകനും വിഷം അകത്തു ചെന്ന് മരിക്കാനിടയായത് ഇരട്ടക്കൊലപാതമാണെന്ന് ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് . ബാങ്ക് നിയമന ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകിയവർക്ക് ജോലി കിട്ടാതെ വന്നതോടെയാണ് പലരും പണം തിരികെ ചോദിച്ച് രംഗത്തുവന്നത്.എൻ.എം.വിജയന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സനോജ്.