മാന്നാർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വന്തം സ്കൂൾ മികച്ച നേട്ടം കൊയ്തതിന്റെ ആനന്ദത്തിൽ വിദ്യാർത്ഥികൾ ആറാടിയപ്പോൾ, ആരുമറിയാതെ പകർത്തിയ ഗോപികയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. പാലക്കാടിനെയും തിരുവനന്തപുരത്തെയും പിന്നിലാക്കി 95 പോയിന്റോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി ആലപ്പുഴയുടെ അഭിമാനമായി മാറിയ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഗോപിക, അദ്ധ്യാപകർക്ക് മുന്നിൽ നടത്തിയ ആനന്ദ നൃത്തമാണ് ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മൂന്ന് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞ വീഡിയോ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. സ്കൂൾ കലോൽസവത്തിലെ വിജയാഘോഷത്തിന്റെ ഭാഗമായി ട്രോഫികൾക്കൊപ്പം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സന്തോഷ നിമിഷങ്ങൾ പകർത്താനെത്തിയ മാന്നാർ പ്രണവ് സ്റ്റുഡിയോ ഉടമ പ്രണവ് മണിയാണ് ഗോപികയുടെ ആനന്ദ നൃത്തം കാമറയിൽ ഒപ്പിയെടുത്ത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു.
മത്സരിച്ചില്ലെങ്കിലും മനസാകെ സന്തോഷം
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഗോവർദ്ധനത്തിൽ ഗോപകുമാർ - ദേവകി ദമ്പതികളുടെ ഏക മകളായ ഗോപിക നൃത്തം അഭ്യസിച്ചിട്ടുണ്ടെങ്കിലും കലോത്സവത്തിൽ പങ്കെടുത്തിരുന്നില്ല. തന്റെ വിദ്യാലയം സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയപ്പോൾ ഉണ്ടായ ആനന്ദത്തിൽ മതിമറന്ന് ആടിപ്പോയതാണെന്നും അത് കാമറയിൽ പകർത്തിയത് അറിഞ്ഞിരുന്നില്ലെന്നും ഗോപിക പറഞ്ഞു. തന്റെ പേരൊഴിവാക്കിയാണ് വീഡിയോ പലരും കോപ്പി ചെയ്ത് പോസ്റ്റ് ചെയ്യുന്നതെങ്കിലും വീഡിയോ വൈറലായതിൽ ഏറെ അഭിമാനിക്കുന്നതായി പ്രണവ് മണി പറഞ്ഞു. വീഡിയോ വൈറലായതോടെ സ്കൂൾ പ്രിൻസിപ്പൽ വി.മനോജും അദ്ധ്യാപകരും ഗോപികയെ അഭിനന്ദിച്ചു. ഗോപികയെക്കുറിച്ച് അറിയാനും നേരിൽ കാണാനുമായി പലരും സ്കുളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അനുമതി ഇതുവരെ നൽകിയിരുന്നില്ലെന്ന് വി. മനോജ് പറഞ്ഞു