ന്യൂഡൽഹി:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ.2024-25 അദ്ധ്യയനവർഷം 1,39,660 വിദ്യാർത്ഥികളാണ് രാജ്യത്താകെയുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതെന്നും കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിൽ പറഞ്ഞു.പുതുതായി പ്രവേശനം നേടുന്നവരുടെ എണ്ണവും ആകെ വിദ്യാർത്ഥികളുടെ എണ്ണവും ഏതാനും വർഷങ്ങളായി കുറയുകയാണ്.സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളുടെ വർദ്ധനയും കേന്ദ്രീയ വിദ്യാലയങ്ങളുടെ പരിമിതികളും അസൗകര്യങ്ങളും അടക്കമുള്ള കാരണങ്ങളാലാണിത്.രാജ്യത്ത് ആകെ 1280 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.കഴിഞ്ഞ ഡിസംബറിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകാൻ തീരുമാനിച്ചിരുന്നു.ഇതിന് 5,872.08 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്.സ്ഥലം ലഭ്യമാകാത്തതിനാലും മറ്റു സൗകര്യങ്ങളുടെ അഭാവത്താലും മിക്കവയും പ്രവർത്തനം തുടങ്ങിയിട്ടില്ല.

കണക്കുകൾ ഇങ്ങനെ:

2020-21: പുതിയ വിദ്യാർത്ഥികൾ 1,95,081. ആകെ 13,87,763

2021-22: പുതിയ വിദ്യാർത്ഥികൾ 1,82,846. ആകെ 14,29,434

2022-23: പുതിയ വിദ്യാർത്ഥികൾ 1,57,914. ആകെ 14,24,147

2023-24: പുതിയ വിദ്യാർത്ഥികൾ 1,75,386. ആകെ 13,89,560

2024-25: പുതിയ വിദ്യാർത്ഥികൾ 1,39,660. ആകെ 13,50,51

കുറയാനുള്ള കാരണം

ഉൾക്കൊള്ളാവുന്നതിലധികം വിദ്യാർത്ഥികൾ,സൗകര്യങ്ങൾ അപര്യാപ്തം

അനുവദിക്കപ്പെട്ട പല സ്‌കൂളുകളും സൗകര്യമില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല

സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളുടെ വർദ്ധന

ക്വാട്ട നിയന്ത്രണങ്ങളും ട്രാൻസ്ഫർ ചട്ടവും സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള വ്യക്തത കുറവ്‌

എം.പി ക്വാേട്ട അടക്കം നിർത്തലാക്കിയത്