കൊച്ചി: ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് പൊലീസ് സംരക്ഷണം തേടുന്ന സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാറിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും ചാൻസലറുടെയും വിശദീകരണം തേടി. ക്യാമ്പസിൽ പ്രവേശിക്കുന്നത് ചിലർ തടയുകയാണെന്നും കൈയേറ്റ ശ്രമം ഉണ്ടായെന്നും സിൻഡിക്കേറ്റിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് ഹ‌ർജിക്കാരന്റെ ആവശ്യം.

വൈസ് ചാൻസലർ, രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ, എസ്.എഫ്.ഐ തുടങ്ങിയവർക്കും ജസ്റ്റിസ് എൻ.നഗരേഷ് നോട്ടീസിന് നിർദ്ദേശിച്ചു.

എതിർകക്ഷിയായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഈ ഘട്ടത്തിൽ നോട്ടീസിൽ നിന്ന് ഒഴിവാക്കുന്നതായും കോടതി വ്യക്തമാക്കി. ആഗസ്റ്റ് 6ന് ഹർജി വീണ്ടും പരിഗണിക്കും.