കൊച്ചി: സിൻഡിക്കേറ്റ് തിരിച്ചെടുത്തിട്ടും സസ്പെൻഷനിൽ തുടരേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചു. വൈസ് ചാൻസലറുടെ സസ്പെൻഷൻ നടപടിക്കെതിരെ ഇടക്കാല സ്റ്റേ അനുവദിച്ച് തുടർനടപടികൾ റദ്ദ്ചെയ്യണമെന്നാണ് ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ടി.ആർ. രവി വി.സിയുടെ വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

തന്നെ സസ്‌പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് യോഗം പിൻവലിച്ചിട്ടും കാമ്പസിൽ കയറുന്നതടക്കം വിലക്കി വി.സി ഉത്തരവ് പുറപ്പെടുവിച്ചെന്ന് ഹർജിയിൽ പറയുന്നു.

ഭാരതാംബ വിവാദത്തെ തുടർന്ന് ജൂലായ് രണ്ടിനാണ് രജിസ്ട്രാറെ വി.സി സസ്‌പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ വി.സി രജിസ്ട്രാറെ വിലക്കി. ഫയലുകൾ കൈമാറരുത് എന്നതടക്കമുള്ള നാല് ഉത്തരവുകൾ പുറപ്പെടുവിച്ചു.ഇവയെല്ലാം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.സിൻഡിക്കേറ്റിനെ മറികടന്ന് തീരുമാനമെടുക്കാൻ വി.സിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.