ഇടുക്കി: സ്വന്തം മകളെ അഞ്ച് വയസ് മുതൽ എട്ട് വയസുവരെയുള്ള കാലഘട്ടത്തിൽ നിരന്തര ലൈംഗീക പീഡനത്തിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് പ്രതിയെ ശിക്ഷിച്ചത്. 2020 ൽ കുട്ടിക്ക് എട്ട് വയസ് പ്രായമുള്ളപ്പോളാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പിതാവ് തങ്ങളുടെ വീട്ടിൽ വച്ച് നിരന്തരമായി കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായാണ് മൊഴി. സ്ഥിരമായി വയറ് വേദന അനുഭവപ്പെട്ടിരുന്ന കുട്ടി മാതാവിനൊപ്പമെത്തി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2020ൽ ഒരു ദിവസം ആശുപത്രിയിൽ പോകുന്നതിനായി ബസ് കാത്തു നിൽകുമ്പോൾ പിതാവ് ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണോ വയറ് വേദന മാറാത്തതെന്ന് കുട്ടി അമ്മയോട് ചോദിച്ചു.തുടർന്ന് നടത്തിയ കൗൺസിലിംഗിലൂടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. വിവിരം പൊലീസിൽ അറിയിച്ചതനുസരിച്ച് കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് നൽകി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടും കോടതി ശുപാർശ ചെയ്തു. കരിമണ്ണൂർ പൊലീസ് ഇൻസ്‌പെക്ടർ ബിജോയ് പി.ടി അന്വേഷണം നടത്തിയ കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആശ പി.കെ പ്രൊസിക്യൂഷൻ നടപടികളെ സഹായിച്ചു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.