കോഴിക്കോട്: ആവശ്യസാധന വില വർദ്ധനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം നിഷേധിച്ചതിൽ പപ്പടം ചുട്ട് പ്രതിഷേധിച്ച് ബി.ജെ.പി. കൗൺസിലർ ടി. റെനീഷ് സമർപ്പിച്ച അടിയന്തര പ്രമേയം മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വായിച്ചു പോലും നോക്കാതെ തള്ളിയതോടെ മുദ്രാവാക്യം വിളിയുമായി കൗൺസിലർമാർ രംഗത്തെത്തി. യോഗം ആരംഭിച്ചയുടൻ സി.പി.എം, യു.ഡി.എഫ് പാർട്ടികളുടെ പ്രമേയ വിഷയം ഒന്നാണെന്നും സി.പി.എം കൊണ്ട് വന്ന വിഷയത്തിന് അനുമതി നൽകുകയാണെന്നും മേയർ ബീന ഫിലിപ്പ് അറിയിച്ചതോടെയാണ് ബി.ജെ.പി. പ്രതിഷേധിച്ചത്. തുടർന്ന് പുറത്ത് പോയി വെളിച്ചെണ്ണ, ഉള്ളി, തക്കാളി തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തി കൗൺസിൽ ഹാളിലും മേയറുടെ ഡയസിന് മുൻപിലും പ്രതിഷേധിച്ചു. പിന്നീട് കോർപ്പറേഷൻ നടുത്തളത്തിൽ കൗൺസിൽ ലീഡർ നവ്യ ഹരിദാസ്, മറ്റു കൗൺസിലർമാരായ ടി. റെനിഷ്, സി.എസ് സത്യഭാമ, രമ്യ സന്തോഷ്‌, അനുരാധ തായാട്ട്, എൻ. ശിവപ്രസാദ് എന്നിവ‌ർ ചേർന്ന് പപ്പടം ചുട്ട് പ്രതിഷേധിക്കു കയായിരുന്നു. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർ സദാശിവൻ ഒതയമംഗലത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു.

നിയമന ഉത്തരവില്ലാതെ ജോലി: പ്രതിഷേധവുമായി പ്രതിപക്ഷവും

ഹരിത കര്‍മ്മസേന കണ്‍സോഷ്യം ഓഫീസ് അക്കൗണ്ട് നിയമനത്തിനായി നടന്ന അഭിമുഖത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ ബഹളം. നിയമനം ഉത്തരവ് നല്‍കാതെയാണ് അക്കൗണ്ടന്റ് ജോലിയിൽ പ്രവേശിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഭിമുഖത്തില്‍ നാല് പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ ആദ്യത്തെ ആള്‍ വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ടാള്ച മുമ്പ് പട്ടികയിലെ രണ്ടാമത്തെ ആളെ നിയമന ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു. അതേ സമയം ആരോപണം അന്വേഷിക്കാൻ മേയർ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 ലയൺസ്‌ പാർക്കിന് പുതുമുഖം

പരിപാലനമില്ലാതെ വർഷങ്ങളായി ശോചനീയാവസ്ഥയിലായ ബീച്ചിലെ ലയൺസ്‌ പാർക്കിന് പുതുമുഖമേകാൻ കോർപറേഷൻ. 8.48 കോടി രൂപ ചെലവിട്ട് ബീച്ചും ലയൺസ് പാർക്കും ഒറ്റ പദ്ധതിയായി നവീകരിക്കാൻ കൗൺസിലിൽ അനുമതി നൽകി. അമൃത് പദ്ധതിയിൽ ഭരണാനുമതി ലഭിച്ച രണ്ട് പദ്ധതികൾ ഒന്നിച്ച് റെനൊവേഷൻ ലയൺസ് പാർക്ക് ആൻഡ് ക്രിയേറ്റിംഗ് ന്യൂ പോണ്ട് ഇൻ ലയൺസ് പാർക്ക്, കോഴിക്കാട് ബീച്ച് ആൻഡ് ബ്യൂട്ടിഫിക്കേഷൻ ഓഫ് ഇറ്റ്സ് പ്രിമൈസ് എന്ന പേരിലാണ് നടപ്പാക്കുക. പാർക്ക് നവീകരിക്കുന്നതിനൊപ്പം പുതിയ കുളവും അടിയന്തര അറ്റകുറ്റപ്പണികളും പൂർത്തിയാക്കും. പാർക്കിനോട് ചേർന്നുള്ള ബീച്ചിലെ ഭാഗങ്ങളും നവീകരിക്കും. ഏഴര കോടി രൂ പയ്ക്കാണ് അമൃത് പദ്ധതിയിൽ ഭരണാനുമതി ലഭിച്ചത്. അധികം വേണ്ട 98 ലക്ഷം രൂപ കോർപറേഷൻ തനത് ഫണ്ടിൽ നിന്നും അനുവദിക്കും.

ബീച്ചിൽ കൂടുതൽ നിയന്ത്രണങ്ങൾ

സംരക്ഷണവും ശുചീകരണവുമായി ബന്ധപ്പെട്ട് ബീച്ചിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഇന്റർലോക്ക് വിരിച്ച ഐ ലവ് കോഴിക്കോട് ഭാഗത്ത് തെരുവ് കച്ചവടം അനുവദിക്കില്ല. രാത്രി സമയങ്ങളിൽ ഈ ഭാഗത്ത് കിടന്നുറങ്ങാൻ പാടില്ലെന്ന നിർദേശം എന്ന് വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഉറപ്പാക്കും. മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞ് മനസിലാക്കാനാവശ്യമായ സ്ക്വാഡ് വർക്കുകളും സംഘടിപ്പിക്കും. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാനും തീരുമാനമായി. ബീച്ചിലേക്ക് ആവശ്യമായ ടോയ്‌ലറ്റ്, ലൈഫ് ഗാർഡുമാരുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റും എന്നിവയും നിർമ്മിക്കും