aedsfrtgyh

മുഹമ്മ : അരനൂറ്റാണ്ടിലേറെയായി പൊതുജീവിതത്തിൽ തിളങ്ങിനിൽക്കുന്ന രവി പാലത്തുങ്കൽ 80ന്റെ നിറവിൽ. 1958-ൽ എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രത്തിലെ വിനോബ ബാലസമാജം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മുപ്പത് വർഷമായി ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം പ്രസിഡന്റായി തുടരുന്നതിനിടെ കേരളത്തിന് തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഗ്രന്ഥാലോകം പത്രാധിപർ, സ്വയംസഹായ സംഘങ്ങളുടെ സംഘാടകൻ,ഇന്ത്യയിലെ ആദ്യ കാർഷിക വായന ശാല ആൻഡ് ഗ്രന്ഥശാലയുടെ സംഘാടകൻ,പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുണ്ടായിരുന്ന കാലത്ത് മേട്ടുകട ബാപ്പുജി മെമ്മോറിയൽ വായനയുടെ സെക്രട്ടറിയായി.1970ൽ ഫുഡ് ഗ്രെയിൻസ് ഡിപ്പോയിൽ കാഷ്യറായി. തുടർന്ന് പി.എൻ.പണിക്കരും പെരുമ്പടവം ശ്രീധരനുമായി ചേർന്ന് ഗ്രന്ഥാലോകത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

1972ൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലി കിട്ടിയെങ്കിലും പൊതുപ്രവർത്തനത്തെ കൈവിട്ടില്ല. 1974ൽ കെ.എസ്.ആർ.ടി.സി റിക്രിയേഷൻ ക്ളബിന് രൂപം നൽകി. ഇതിൽ അഞ്ഞൂറിലധികം അംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ പ്രവർത്തിക്കാൻ ഒരു മുറി ഉണ്ടായിരുന്നില്ല.പി.എൻ പണിക്കരുടെയും മന്ത്രി ഗോവിന്ദൻ നായരുടെയും ഇടപെടലിനെ തുടർന്ന് ക്ളബിന് ഡിപ്പോയിൽ തന്നെ മുറി അനുവദിച്ചു കിട്ടി. ഇതോടെ തകഴി, സുകുമാർ അഴീക്കോട്, പി.ഗോവിന്ദപിള്ള തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിച്ചു.

1982-ൽ കഞ്ഞിക്കുഴിയിൽ ഫൈൻ ആർട്സ് സൊസൈറ്റി രൂപീകരിച്ചു.

തൂവെള്ള ഖദറും അതിനൊത്ത ഹൃദ്യമായ ചിരിയും വിനയത്തോടെയുള്ള പെരുമാറ്റവും കൊണ്ട് പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന രവി പാലത്തുങ്കലിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗാന്ധി ദർശൻ പുരസ്കാരം, കർമ്മ ശ്രേഷ്ഠ പുരസ്കാരം,പി.എൻ.ഫൗണ്ടേഷന്റെ മാനവ സേവാ പുരസ്കാരം,കേരള സർവ്വോദയ മണ്ഡലത്തിന്റെ ഗാന്ധിയൻ പുരസ്കാരം തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഭാര്യ വസുന്ധരയും മക്കളായ പി.ആർ.അനീഷും പി.ആർ.അരുൺകുമാറും പിന്തുണയുമായി ഒപ്പമുണ്ട്.

ഇന്ത്യയിലെ ആദ്യ കാർഷിക വായനശാല

1986 ൽ തെങ്ങിനെ രക്ഷിക്കൂ,​ തെങ്ങ് നമ്മളെ രക്ഷിക്കും എന്ന മുദ്രാവാക്യം ഉയർത്തി പൊന്നിട്ടുശ്ശേരിയിൽ ഇന്ത്യയിലാദ്യമായി കാർഷിക വായനശാല സ്ഥാപിച്ചു. തുടർന്ന് പത്ത് സെന്റ് സ്ഥലം വാങ്ങി സർക്കാരിന്റെ ഏഴേകാൽ ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം ഉണ്ടാക്കി. ഇവിടെ നിശാപാഠശാല, കാർഷിക ഗ്രന്ഥശാല എന്നിവ ആരംഭിച്ചു. തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കായി പല നൂതന പദ്ധതികളും നടപ്പാക്കി. ജില്ലാ അഗ്രിഹോട്ടിക്കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1996ൽ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ പ്രസിഡന്റായി.1997ൽ കേരളത്തിൽ ആദ്യമായി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഗാന്ധി സ്മാരക സേവകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു.