dsa

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയ്ക്കെത്തിച്ച ഡി.എസ്.എ (ഡിജിറ്റൽ സബ്സ്ട്രക്ഷൻ ആൻജിയോഗ്രഫി) മെഷീന് നാല് വർഷമായിട്ടും അനക്കമില്ല. 6.5 കോടി രൂപ ചെലവഴിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. വെറുതെയിരുന്ന് മെഷീൻ നശിക്കാതിരിക്കാൻ ഇടയ്ക്കിടെ ഓൺ ചെയ്യുന്നതൊഴിച്ചാൽ പ്രവർ‌ത്തിപ്പിക്കാനുള്ള റേഡിയോളജിസ്റ്റുകളെ ഇതുവരെ നിയമിച്ചിട്ടില്ല.

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയുള്ളത്. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്നിരിക്കെയാണ് കോടികളുടെ യന്ത്രം വെറുതെകിടന്ന് തുരുമ്പെടുക്കുന്നത്.

എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റർവെൻഷണൽ റേഡിയോളജി. ശസ്ത്രക്രിയയ്ക്ക് ബദൽ കൂടിയാണ് ഈ ചികിത്സാ രീതി. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ എക്‌സ്‌റേ കിരണങ്ങൾ ഉപയോഗിച്ച് രക്ത ഒഴുക്കിലെ തടസം കണ്ടെത്താനും ചികിത്സിക്കാനും ഇതിലൂടെ കഴിയും. ഇത് വേഗം ഭേദമാകാനും ആശുപത്രി വാസം കുറയ്ക്കാനും സഹായിക്കും.

റേഡിയോളജിസ്റ്റുകളെ നിയമിച്ചില്ല

1. യന്ത്രം പ്രവർത്തിപ്പിക്കാനാവശ്യമായ റേഡിയോളജിസ്റ്റുമാരുടെ നിയമനം വൈകുന്നതാണ് രോഗികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇവിടെ ഈ തസ്തിക ഇല്ലാത്തതിനാൽ തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്ന് ഓരോ റേഡിയോളജിസ്റ്റുകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കാത്തിരിക്കുകയാണ്

2. യന്ത്രം പ്രവർത്തനസജ്ജമാക്കുന്നതിനാവശ്യമായ ഇടപെടലുകൾ അവശ്യപ്പെട്ട് ആരോഗ്യ പ്രവ‌ർത്തകരടക്കം നിരവധിത്തവണ മന്ത്രിതലത്തിൽ ബന്ധപ്പെട്ടിട്ടും യാതൊരു പുരോഗതിയുമുണ്ടായില്ല. കഴിഞ്ഞ നാല് വർഷംകൊണ്ട് ആയിരക്കണക്കിന് രോഗികൾക്കാണ് സേവനം നിഷേധിക്കപ്പെട്ടത്.

3.കരൾ, പിത്തനാളം, രക്തക്കുഴലുകൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറിന്റെ കീമോതെറാപ്പി ഉൾപ്പെടെ ഈ യന്ത്രം ഉപയോഗിച്ച് ചെയ്യാനാകും. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇത്തരം ചികിത്സകൾ സർക്കാർ പദ്ധതിയിൽ സൗജന്യമായി ചെയ്യാവുന്നതാണ്

മെഷീന്റെ ചിലവ്

₹6.5 കോടി

പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ റേഡിയോളജിസ്റ്റുകളുടെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാകും ഏതെല്ലാം ദിവസങ്ങളിൽ ചികിത്സ ലഭ്യമാകുമെന്ന് തീരുമാനിക്കുക

- ഡോ.ഹരികുമാർ, സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി