ആലപ്പുഴ: ഡി.സി.സി അദ്ധ്യക്ഷ പദവിയിൽ മാറ്റമുണ്ടാകുമ്പോൾ ബി.ബാബുപ്രസാദിന് പകരം ആരെത്തുമെന്ന ചർച്ചകൾ സജീവമാകുന്നു. പരിഗണനാപ്പട്ടികയിൽ പേരുകളനവധിയാണ്. കെ.പി.സി.സി ജോയിന്റ് സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബി.ബൈജു, മാവേലിക്കര നഗരസഭാ മുൻ ചെയർമാനും നിലവിൽ ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. കെ.ആർ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.ഐ.സി.സി അംഗം ജോൺസൺ എബ്രഹാം തുടങ്ങിയവരുടെ പേരുകൾക്കാണ് മുൻഗണന.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും മുതിർന്ന കോൺഗ്രസ് നേതാവും ജില്ലയിലെ കോൺഗ്രസിന്റെ ഏക എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെയും നിലപാടുകളാകും നിർണായകമാകുക.
കെ.ആർ.മുരളീധരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഈഴവ സമുദായത്തിന് പ്രാധാന്യമുള്ള ജില്ലയെന്ന നിലയിൽ ബി.ബൈജുവിന്റെ പേരും പ്രഥമ ശ്രേണിയിലുണ്ട്.
കെ.സി.വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും കീഴിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് ഗ്രൂപ്പുകളായി തുടരുകയും എ ഗ്രൂപ്പ് അപ്രസക്തമാകുകയും ചെയ്ത ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ തീരുമാനപ്രകാരമാകും പുതിയ അദ്ധ്യക്ഷനെന്നാണ് വിവരം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെ കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മുതിർന്ന നേതാവ് സി.വി പത്മരാജന്റെ നിര്യാണത്തെ തുടർന്ന് പരിപാടി റദ്ദാക്കിയിരുന്നു. പുതിയ സംസ്ഥാന ഭാരവാഹികളെന്ന നിലയിൽ ജില്ലയിലെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും പരിചയപ്പെടുകയും സംഘടനാ സംവിധാനം ശക്തമാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടിയെ സജ്ജമാക്കുകയുമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.