ആലപ്പുഴ: പുന്നമടക്കായലിൽ ഈമാസം 30ന് നടക്കുന്ന നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പിൽ മാലിന്യനിയന്ത്രണ ചട്ടങ്ങളും തണ്ണീർത്തട നിയമങ്ങൾ കർശനമായി പാലിക്കുമെന്ന് ശുചിത്വമിഷൻ അറിയിച്ചു. വൻ ജനാവലി എത്തിച്ചേരുന്ന പരിപാടിക്കിടയിൽ തണ്ണീർത്തടത്തിലേക്ക് ഖര-ദ്രവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജലോത്സവം നടക്കുമ്പോൾ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കും. തുണിയിലോ ചണത്തിലോ പേപ്പറിലോ നിർമിച്ച സഞ്ചികളാണ് സന്ദർശകരും വള്ളംകളി ടീമുകളും കയ്യിൽ കരുതേണ്ടത്.