ആലപ്പുഴ : ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് മോചനമായെങ്കിലും ജില്ലാ ആയുർവേദാശുപത്രിയുടെ പരാധീനതകൾ ഒഴിയുന്നില്ല. ആലിശേരിയിലെ ജീർണിച്ച കെട്ടിടത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ആലപ്പുഴ നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയത്. എന്നാൽ ഇവിടെ കിടത്തിചികിത്സയ്ക്കും മറ്റും സൗകര്യങ്ങളില്ലാത്തതാണ് വെല്ലുവിളി.
ആളുകൾക്ക് വളരെവേഗം എത്താൻ കഴിയുന്ന സ്ഥലമായതിനാൽ ഒ.പിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കഴിഞ്ഞദിവസങ്ങളിൽ വർദ്ധിച്ചിരുന്നു.
മുമ്പ് 200 ഓളം പേർ വന്നിടത്ത് 300ലധികം പേരാണ് ഇപ്പോൾ പ്രതിദിനം ചികിത്സയ്ക്ക് എത്തുന്നത്. ഇപ്പോഴത്തെ കെട്ടിടത്തിൽ കിടത്തിചികിത്സയ്ക്കുള്ള സൗകര്യം തീരെയില്ല. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നഗരസഭവളപ്പിലെ മറ്റൊരു കെട്ടിടവും കൂടി അനുവദിക്കണമെന്ന് ആശുപത്രി അധികൃതർ ജില്ലാ പഞ്ചായത്തിന് കത്ത് നൽകും. കെടിടത്തിന്റെ ട്രസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് നഗരസഭയുടെ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ ഈ സ്ഥലവും ഉപയോഗിക്കാൻ സാധിക്കുന്നില്ല.
300
പ്രതിദിനം ഒ.പിയിൽ എത്തുന്നവർ
കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ല
നിലവിൽ താഴത്തെ നിലയും ഒന്നാം നിലയുമാണ് ആശുപത്രിക്കായി നൽകിയിട്ടുള്ളത്
ഈ സൗകര്യങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിലേക്ക് എത്തിക്കാനാവില്ല
കെട്ടിടത്തിലെ മുകളിലെ നിലയിൽ ആറുപേരെ മാത്രമെ കിടത്തി ചികിത്സിക്കാനാവുകയുള്ളൂ
കുറഞ്ഞത് 30 പേരെയെങ്കിലും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആവശ്യം
എക്സ് റേ മുറിക്കുള്ള സൗകര്യവും നഗരസഭയുടെ കെട്ടിടത്തിൽ ലഭ്യമായിട്ടില്ല
നഗരസഭയുമായുള്ള എഗ്രിമെന്റ് പ്രകാരം ഐ.പി, ഒ.പി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭയുടെ സാധാനങ്ങൾ മാറ്റുന്നതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും
-കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്