mahes

ആലപ്പുഴ: വൃദ്ധനെ ഇരുമ്പുവടി കൊണ്ട്​ തലയ്ക്കടിച്ച്​ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ അഭിഭാഷകന്​ ജീവപര്യന്തം തടവും ഒരു ലക്ഷംരൂപ പിഴയും. ആലപ്പുഴ മണ്ണഞ്ചേരി വടികാട് വെളി കോളനിയിൽ കെ.കെ.സുദർശനെ (62) കൊലപ്പെടുത്തിയ കേസിലാണ് വടികാട് വെളി ഉന്നതിയിൽ അഡ്വ.വി.കെ.മഹേഷിനെ (40) ആലപ്പുഴ അഡിഷണൽ സെഷൻസ്​ കോടതി (രണ്ട്​ ) ജഡ്ജി എസ്​.ഭാരതി ശിക്ഷിച്ചത്​.

സുദർശനന്റെ മകൻ സുമേഷിനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചതിന്‌ മൂന്നു വർഷം തടവും 25,​000 രൂപ പിഴയും, മകൾ സുസ്‌മിതയെ ആക്രമിച്ചതിന്‌ രണ്ടുവർഷം തടവിനും ശിക്ഷിച്ചു. പിഴത്തുക സുദർശനന്റെ മക്കൾക്ക്‌ തുല്യമായി നൽകണം. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി സർക്കാർ പുറമ്പോക്ക്​ ഭൂമി കൈയേറി ഷെഡ്​ നിർമ്മിച്ചതിലുള്ള തർക്കമാണ്​ ​​കൊലപാതകത്തിൽ കലാശിച്ചത്​. 2020 സെപ്​റ്റംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം.

സുദർശനന്റെ മകൻ സുമേഷും ഭാര്യ സുവർണജയും മക്കളും കോളനിയിലെ നാല്​സെന്റ്​ സ്ഥലത്ത്​ ഷെഡ്​ കെട്ടിയാണ്​​ താമസിച്ചിരുന്നത്​. പ്രളയത്തിൽ ഇത്​ തകർന്നതോടെ താമസം മാറി. നേരത്തെ താമസിച്ച സ്ഥലത്ത് പ്രതി ഷെഡ്​ പണിയുന്നതറിഞ്ഞ്​ സുദർശനനും മക്കളും എത്തിയതോടെ തർക്കമായി. ഇതിനിടെ പ്രതി ഇരുമ്പ്​ പൈപ്പുകൊണ്ട് സുദർശനന്റെ തലയ്ക്കു പിന്നിലടിച്ചു. മറ്റുള്ളവരേയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സുദർശനൻ 2020 ഒക്‌ടോബർ നാലിന്‌ ചികിത്സയിലിരിക്കെ മരിച്ചു.

മണ്ണഞ്ചേരി എസ്‌.എച്ച്‌.ഒ ആയിരുന്ന രവി സന്തോഷാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടർ എസ്‌.എ. ശ്രീമോൻ ഹാജരായി.