മാവേലിക്കര : തഴക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ ജനജീവിതത്തിന് ഭീഷണിയായിട്ടും നടപടിയെടുക്കാതെ പഞ്ചായത്തധികൃതർ.
തഴക്കര, പൈനുംമൂട്, ഇവങ്കര, അറനൂറ്റിമംഗലം, വെട്ടിയാർ പാലം, മാങ്കാംകുഴി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ നൂറുകണക്കിന് തെരുവ് നായ്ക്കളാണ് അലഞ്ഞു തിരിയുന്നത്. മത്സ്യ മാർക്കറ്റുകളും കോഴിക്കടകളും കൂടുതലായി ഉള്ള ഈ പ്രദേശത്താണ് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്.
നായ്ക്കൾ പലപ്പോഴും അക്രമാസക്തരാകാറുള്ളത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതർ തെരുവ് നായ ശല്യം അവസാനിപ്പിക്കുന്നതിൽ വിമുഖത കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പേടിയോടെ യാത്രക്കാർ
ഇടവഴികളിലും തിരക്കേറിയ പാതകളിലും തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്
ഏതുനിമിഷവും നായകളുടെ ആക്രമണം ഉണ്ടായേക്കുമെന്നതിനാൽ സ്കൂൾ വിദ്യാർത്ഥികളടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്
റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾ വീടുകളിലേക്ക് കയറിച്ചെല്ലുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.
തിരക്കേറിയ ചെങ്ങന്നൂർ - കോഴഞ്ചേരി, മാവേലിക്കര - പന്തളം പാതകളിൽ നായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് കാരണം വാഹനാപകടങ്ങൾ നിത്യ സംഭവമാണ്
മത്സ്യമാർക്കറ്റുകളിൽ നിന്നും കോഴിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ഭക്ഷണമായി കിട്ടുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണം. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ റോഡുകളിലേക്ക് ഇറങ്ങും
- സൈനുലബ്ദീൻ, വ്യാപാരി, മാങ്കാംകുഴി
അപകടങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. നായശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ സമരം നടത്താൻ നാട്ടുകാർ നിർബന്ധിതരാകും.
- ഗിരീഷ്, തഴക്കര