ആലപ്പുഴ : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തുല്യത ബിരുദ കോഴ്സിനുള്ള രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ബിരുദ തലത്തിൽ തുല്യതാ കോഴ്സ് ആരംഭിക്കുന്നത്.സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് മാത്രമുള്ള പദ്ധതിയാണ്. സോഷ്യോളജി, കൊമേഴ്സ് എന്നീ ബിരുദ കോഴ്സുകളാണ് ആദ്യം ആരംഭിക്കുക.
നാല് വർഷമാണ് കോഴ്സ് കാലാവധി. വർഷത്തിൽ രണ്ട് വീതം ആകെ എട്ട് സെമസ്റ്ററുകൾ ഉണ്ടാകും. 4530 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കും ഫീസ് അടയ്ക്കേണ്ടതില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട നൂറ് പേരുടെ ഫീസ് ജില്ലാ പഞ്ചായത്ത് പദ്ധതി വഴി അടയ്ക്കും. ബിരുദ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം ഗൂഗിൾ ഫോമിൽ വ്യക്തിപരമായ വിവരങ്ങൾ ചേർക്കുക.
യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ രജിസ്ട്രേഷൻ പിന്നീട് ജില്ലാ ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ച ശേഷം മതിയാകും.