ആലപ്പുഴ : എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡ്, ഉദ്ഘാടനത്തിന് പിന്നാലെ വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചെങ്കിലും കുഴി പൂർണമായി മൂടിയില്ല. ഇതോടെ ഇരുചക്രവാഹന യാത്രക്കാരടക്കം അപകട ഭീഷണി നേരിടുന്നു.
ആലപ്പുഴ നഗരത്തിൽ ത്രിവേണി ജംഗ്ഷൻ മുതൽ ഇന്ദിര ജംഗ്ഷൻ വരെയുള്ള റോഡിലാണ് അപകടക്കുഴിയുള്ളത്. അടുത്തിടെയാണ് എം.എൽ.എ ഫണ്ടുപയോഗിച്ച് ഈ റോഡ് പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചത്. ഇതിന് ശേഷം പൈപ്പിലെ അറ്റകുറ്റപ്പണിക്കായാണ് ത്രിവേണി ജംഗ്ഷനിൽ വാട്ടർ അതോറിട്ടി കുഴിയെടുത്തത്. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം പോള ചാത്തനാട് 293ാം നമ്പർ ശാഖ മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
അപകടം പതിവായി
റോഡിലെ കുഴിയിൽ വീണ് രാത്രികാലങ്ങളിലടക്കം അപകടങ്ങൾ പതിവായതായി പ്രദേശവാസികൾ പറയുന്നു
ഇരുചക്രവാഹനയാത്രക്കാരും സൈക്കിളിൽ പോകുന്ന വിദ്യാർത്ഥികളുമാണ് കുഴി മൂലം ഏറെ പ്രയാസപ്പെടുന്നത്
യാത്രക്കാരുടെ ശ്രദ്ധ ലഭിക്കാനും അപകടം ഒഴിവാക്കാനും കുഴിയിൽ ചെടി നാട്ടിയിരിക്കുകയാണ് നാട്ടുകാർ
ത്രിവേണി ജംഗ്ഷനിൽ വലിയൊരു കുഴിയെടുത്തിട്ട് മൂടാതെ പോയത് അപകടങ്ങൾക്ക് ഇടയാക്കുന്നു. അധികാരികൾ വിഷയത്തിൽ ഇടപെടണം
- എസ്.എൻ.ഡി.പി യോഗം പോള ചാത്തനാട് ശാഖ പ്രസിഡന്റ് വി.സജീവകുമാർ, സെക്രട്ടറി കെ.ഗണേശൻ