ആലപ്പുഴ: നഗരസഭ പുറത്തിറക്കിയ തദ്ദേശ സ്വയംഭരണ വോട്ടർ പട്ടികയിൽ വൻ തിരിമറിയാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ ആരോപിച്ചു. പുതുതായി വാർഡ് വിഭജനം നടന്നതിന്റ പേരിലാണ് പുതിയ വോട്ടർ പട്ടിക പുറത്തിറക്കിയത്. മിക്ക വാർഡുകളിലും സി.പി. എം - കോൺഗ്രസ് ധാരണയുടെ അടിസ്ഥാനത്തിൽ തിരിമറി നടന്നിട്ടുണ്ട്. ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പായ ഇരുപതിലധികം വാർഡുകളിലാണ് ഇരു മുന്നണികളും ചേർന്ന് തിരിമറികൾ നടത്തിയിട്ടുള്ളത്. ജില്ലാകോടതി വാർഡിലെ വോട്ടർ പട്ടികയിൽ മുല്ലയ്ക്കൽ, കരളകം, ആശ്രമം, കിടങ്ങാം പറമ്പ്, തോണ്ടൻ കുളങ്ങര എന്നീ വാർഡുകളിലുള്ള വോട്ടർമാരെ തിരുകി കയറ്റിയിരിക്കുന്നു. കിടങ്ങാംപറമ്പ് വാർഡിൽ ഉൾപ്പെടേണ്ട 125ലധികം ആളുകളെ ജില്ലാ കോടതി വാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ജില്ലാ വരണാധികാരിക്കും നഗരസഭ സെക്രട്ടറിക്കും തെളിവുകൾ സഹിതം രേഖാ മൂലം പരാതി നൽകിയിട്ടുണ്ടെന്നും, രാഷ്ട്രീയ താല്പര്യം കളഞ്ഞു സംശുദ്ധമായ വോട്ടർ പട്ടിക തയ്യറാക്കാൻ അധികാരികൾ തയ്യാറാകണമെന്നും ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.