അമ്പലപ്പുഴ : പാലത്തിന്റെ അപ്രോച്ച് റോഡും കരിങ്കൽ പിച്ചിംഗും ഇടിഞ്ഞതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. പുറക്കാട് നാലുചിറ തോണിക്കടവ് സുധീരൻ പാലത്തിന്റെ കരിങ്കൽ പിച്ചിംഗും അപ്രോച്ച് റോഡുമാണ് ഇടിഞ്ഞത്. റോഡ് ഇടിയുന്നതുമൂലം കാൽ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായി. കോരംകുഴി തോട്ടിലെ ശക്തമായ ഒഴുക്കും തുടർച്ചയായ വെള്ളപ്പൊക്കവും മൂലമാണ് കൽക്കെട്ട് തകർന്നത്. ഇതോടെ പാലവും അപകട ഭീഷണി നേരിടുകയാണ്. വി.എം .സുധീരൻ എം. പി യുടെ ഫണ്ടിൽ നിന്ന് 2002 ൽ അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ് പാലം. നാലുചിറ, ഇല്ലിച്ചിറ, മുക്കട ,കൊച്ചു പുത്തൻകരി പ്രദേശ വാസികളുടെ ഏക യാത്രാമാർഗമായ പാലത്തിന്റെ സംരക്ഷണത്തിനായി അപ്രോച്ച് റോഡും കൽക്കെട്ടും പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.