മാന്നാർ : കർക്കടക മാസം രാമായണ മാസാചരണത്തോടനുബന്ധിച്ച് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ അഖില കേരള രാമായണമേളയ്ക്ക് നാളെ തിരിതെളിയുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10.30ന് കവടിയാർ കൊട്ടാരം അവിട്ടം തിരുനാൾ ആദിത്യവർമ്മ രാമായണമേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ.രാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രാഷ്ട്രപതിയിൽ നിന്ന് അതിവിശിഷ്ട സേവാമെഡൽ കരസ്ഥമാക്കിയ റിട്ട.എയർവൈസ് മാർഷൽ പി.കെ. ശ്രീകുമാർ, മാന്നാറിന്റെ ചരിത്ര ഗ്രന്ഥകാരൻ പി.ബി. ഹാരിസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഡോ.എ.രാധാകൃഷ്ണൻ കൊടകരയുടെ 'ശബരി സൽക്കാരം' പ്രഭാഷണം. 12 മുതൽ രാമായണത്തെ ആസ്പദമാക്കി മുതിർന്നവരുടെ മത്സരങ്ങൾ. 4 മുതൽ 8 വരെ തീയതികളിൽ വൈകിട്ട് 7ന് ബ്രഹ്മചാരി സുധീർ ചൈതന്യ, ഡോ.ആർ.രാമാനന്ദ്, എൻ.എസ്.സുമേഷ് കൃഷ്ണൻ, മഞ്ചല്ലൂർ സതീഷ്, കെ.എസ്. ജ്യോതിസ് വടക്കൻ പറവൂർ, വി.കെ. സുരേഷ്ബാബു കൂത്തുപറമ്പ് തുടങ്ങിയവർ പ്രഭാഷണം നടത്തും. 9ന് രാവിലെ 8.30ന് രാമായണമേള മത്സരങ്ങളുടെ ഉദ്ഘാടനം എയർ വൈസ്‌മാർഷൽ പി.കെ. ശ്രീകുമാർ(റിട്ട.) നിർവ്വഹിക്കും. 9 മുതൽ രാമായണമേള മത്സരങ്ങൾ. 10ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനംമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. രാമായണ പുരസ്ക്കാരം വയലിൻ വിസ്‌മയം ഗംഗാ ശശിധരന് പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മാനിക്കും. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം, എവറോളിംഗ് ട്രോഫി, ഗോൾഡ് കോയിൻ വിതരണം എന്നിവ നടക്കും. സംഘാടകസമിതി ഭാരവാഹികളായ കലാധരൻപിള്ള കൈലാസം, അനിരുദ്ധൻ ചിത്രാഭവനം, സുകു ആര്യമംഗലം, അനിൽ നായർ ഉത്രാടം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.