മുഹമ്മ: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മണ്ണഞ്ചേരി മൂന്നാം വാർഡ് കുമ്പളത്ത് വീട്ടിൽ ദർവേഷിനായി (23) ഇന്ന് നാട് കൈകോർക്കും. 24ന് വൈകിട്ട് പനയിൽ ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു ദർവേഷിന്റെ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ 25 ലക്ഷം രൂപയോളം വേണ്ടി വരും.ബന്ധുക്കളും സുഹൃത്തുക്കളും അഞ്ച് ലക്ഷം രൂപയോളം ഇതിനകം ചെലവഴിച്ചിട്ടുണ്ട്. നിർധന കുടുംബം തുടർചികിത്സക്ക് പണം കണ്ടെത്താൻ വിഷമിക്കുകയാണ്. ദർവേഷിന്റെ പിതാവ് സമാനമായ വാഹനാപകടത്തെ തുടർന്ന് ദീർഘകാലം കിടപ്പ് രോഗിയാവുകയും മാസങ്ങൾക്ക് മുമ്പ് മരിക്കുകയും ചെയ്തു. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ ബാദ്ധ്യതയും കുടുംബത്തിനുണ്ട്. അവുടെ ഏക ആശ്രയവുമാണ് ദർവേഷ്.
കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസിലാക്കി ജനപ്രതിനിധികൾ, മഹല്ല്, മസ്ജിദ്, ഭാരവാഹികൾ, സാമൂഹിക - കാരുണ്യ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ ചേർന്ന് ചികിത്സ സഹായ സമിതിക്ക് രൂപം കൊടുക്കുകയും എ. അഷറഫ് ഇടവൂർ ചെയർമാനായും എം.എ. ഷാനവാസ് മനയത്ത്ശ്ശേരി ജനറൽ കൺവീനറായും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെഭാഗമായി ഇന്ന് പഞ്ചായത്തിലെ 3, 5, 6, 17, 19, 20 വാർഡുകളിൽ ഏകദിന പൊതുധനസമാഹരണം നടത്തും.