dd
വെള്ളാപ്പള്ളി നടേശൻ

മാവേലിക്കര: മുസ്ലിംലീഗ് എന്ന ഊന്നുവടി ഇല്ലാതെ കോൺഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാവേലിക്കര, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തിൽ ഈരേഴ പ്രീതി കൺവൻഷൻ സെന്ററിൽ നടത്തിയ ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ജയിക്കുമെന്ന് പറഞ്ഞാൽ തോൽക്കുമെന്നും തോൽക്കുമെന്ന് പറഞ്ഞാൽ ജയിക്കുമെന്നുമുള്ള നിലയിൽ അപവാദം പറയുന്നവരുണ്ട്. വി.എം.സുധീരനടക്കമുള്ളവരെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ശരിയായില്ലേ. ജനിച്ചിട്ട് ഇന്നുവരെ എസ്.എൻ.ഡി.പി ഓഫീസിൽ സുധീരൻ വന്നിട്ടുണ്ടോ.പാണക്കാട് പോയിട്ടുണ്ട്. ആദർശത്തിന്റെ കപടമുഖവുമായി നടക്കുന്ന കുലംകുത്തികളാണ് ഇക്കൂട്ടർ. പ്രതിപക്ഷ നേതാവ് എന്ന മറ്റൊരു മഹാൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന ഈഴവനെ ആ സ്ഥാനത്തുനിന്ന് മാറ്റി.

ഗുരുധർമ്മത്തിന്റെ പേരിൽ ഈഴവരെ ധർമ്മക്കാരാക്കുകയാണ്. ഇല്ലായ്മയെ ചൂഷണം ചെയ്താണ് മതപരിവർത്തനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്തെങ്കിലും സത്യം പറഞ്ഞു പോയാൽ പണി വരുന്ന കാലമാണ്. ചോദിക്കേണ്ടത് ചോദിക്കാനും ജാതി പറയേണ്ടിടത്തു പറയാനുമാണ് യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത്. മലപ്പുറത്ത് സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയ തന്നെ വർഗീയവാദിയാക്കി. കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗുരുദേവന്റെ ഫോട്ടോ പോലും കണ്ടിട്ടില്ലാത്ത ആളെ വി.സിയാക്കിയതിനെ എതിർത്തപ്പോൾ അതിനെ ആദ്യം ചോദ്യംചെയ്തത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. അനീതിക്കെതിരെ താൻ മയ്യത്താകും വരെ പോരാടുമെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

മാവേലിക്കര യൂണിയൻ കൺവീനറും ചാരുംമൂട് യൂണിയൻ ചെയർമാനുമായ ഡോ.എ.വി ആനന്ദരാജ് സ്വാഗതം പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി.