അമ്പലപ്പുഴ: കടലിൽ മുങ്ങിയ ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊല്ലം നീണ്ടകര സ്വദേശി മോസസ് ആന്റണിയുടെ ഉടമസ്ഥതയിലുള്ള മരിയാ അണ്ണൈ എന്ന മത്സ്യബന്ധനബോട്ടാണ് വെള്ളിയാഴ്ച രാത്രിയോടെ മുങ്ങിയത്. അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബോട്ട് രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴ് തൊഴിലാളികളെയും രക്ഷപ്പെടുത്തി തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബോട്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനായി തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം 41 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഗ്രേഡ് എസ്.ഐമാരായ സാബു, നജീബ്, എസ്.ഡി.പി.ഒ അനിൽകുമാർ, സി.പി.ഒമാരായ മാർഷൽ, ജിബിൻ സണ്ണി, അനീഷ്, ഡ്രൈവർ സുനിൽ, സി.ഡബ്ല്യു മാരായ ജോസഫ്, ശ്രീമോൻ, ജയ്സൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.