തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ തുറവൂർ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് നീട്ടുന്നതിന്റെ സാദ്ധ്യത തേടി കെ.സി വേണുഗോപാൽ എം.പി സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് തുറവൂർ ജംഗ്ഷനിലെത്തിയ എം.പിയെ ജനപ്രതിനിധികളും നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുറവൂരിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് എലിവേറ്റഡ് ഹൈവേ നീട്ടാനാവശ്യമായ ഇടപെടലിനായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനൽകിയതിന് പിന്നാലെയാണ് എം.പിയുടെ സന്ദർശനം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തരെത്തുന്ന തുറവൂർ മഹാക്ഷേത്രത്തിലേക്കുള്ള പ്രവേശനവും തുറവൂർ താലൂക്ക് ആശുപത്രി, ഉൾപ്രദേശങ്ങളായ പള്ളിത്തോട്, ചെല്ലാനം, കുമ്പളങ്ങി, തൈക്കാട്ടുശ്ശേരി എന്നിവടങ്ങളിലേക്കുള്ള ഗതാഗത മാർഗങ്ങളും അടഞ്ഞുപോകുന്ന തരത്തിലാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. കൂടാതെ ബസ് സർവീസുകളും പ്രാദേശിക വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. ഓട്ടോ-ടാക്‌സി ജീവനക്കാരെയും സ്‌കൂൾ ഉൾപ്പെടെ സർക്കാർ ഓഫീസിലെത്തുന്നവരെയും ഇത് കാര്യമായി ബാധിക്കും. കൂടാതെ ആംബുലൻസ്,ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളുടെ സുഗമമായ യാത്ര തടസപ്പെടുത്തുന്ന വിധമാണ് റോഡിന്റെ നിർമ്മാണം. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികളുടെ പരാതികൾ പരിശോധിക്കാനാണ് അദ്ദേഹം തുറവൂരിലെത്തിയത്. ഇതിനകം നിരവധി അപകടങ്ങളിലായി 41 ഓളം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു. ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് മാത്രമേ ദേശീയപാത നിർമ്മാണം മുന്നോട്ട് പോകാൻ കഴിയൂവെന്ന് വേണുഗോപാൽ ഒപ്പമുണ്ടായിരുന്ന ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെ.പി.സി.സി നിർവാഹക സമിതിയംഗം ടി.ജി.പത്മനാഭൻ നായർ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ. ജോർജ് തുടങ്ങിയവർ എം.പിക്കൊപ്പം ഉണ്ടായിരുന്നു.