olg-age-people

ആലപ്പുഴ: വയോജനങ്ങളുടെ പകൽ പരിപാലന കേന്ദ്രങ്ങളായ സായംപ്രഭഹോമുകൾ ഇനി സാമൂഹ്യ വിഭവകേന്ദ്രങ്ങളാകും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹ്യ നീതിവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന വയോജന നയത്തിന് മുന്നോടിയായാണ് പദ്ധതിയൊരുക്കുന്നത്.

രാവിലെ മുതൽ ഒന്നിച്ചിരുന്നുള്ള കുശലാന്വേഷണങ്ങൾക്കും ആഹാരത്തിനും ശേഷം വൈകിട്ട് വീടുകളിലേക്ക് മടങ്ങുന്നതാണ് പകൽ പരിപാലന കേന്ദ്രങ്ങളിലെ നിലവിലെ രീതി. ഇതിനുപകരം സമയം ക്രിയാത്മകമായി ചെലവഴിക്കുകയാണ് ലക്ഷ്യം.

കരകൗശല വസ്തുക്കൾ, കവർ, മെഴുകുതിരി, കുട, സോപ്പ് തുടങ്ങിയവ കടലാസിലും തുണിയിലും പ്ളാസ്റ്റിക്കിലും നിർമ്മിച്ച് വിപണി കണ്ടെത്തി മാനസികോല്ലാസത്തിനൊപ്പം വരുമാനത്തിനും വഴിതുറക്കുന്നതാണ് പദ്ധതി. പദ്ധതി ആവിഷ്‌കരിക്കാനും സാങ്കേതിക സഹായത്തിനും മോണിറ്ററിംഗിന് ജില്ലാ ഓഫീസർമാരെ പിന്തുണയ്ക്കാനും 'സായംപ്രഭ ടെക്നിക്കൽ സപ്പോർട്ട് പ്രൊജക്ട് 2025" എന്ന പേരിൽ പരിചയസമ്പന്നരായ സ്ഥാപനങ്ങളുടെ സഹായവും സാമൂഹ്യ നീതി വകുപ്പ് തേടി.

മാനസികോല്ലാസ പ്രവർത്തനങ്ങൾ, ക്ളാസുകൾ, പരിശീലനങ്ങൾ, വയോജന സംഘങ്ങളുടെ രൂപീകരണം, ഓൺലൈൻ ഒഫ് ലൈൻ പരിപാടികളുടെ ആവിഷ്കരണം തുടങ്ങിയവ നടപ്പിലാക്കാൻ കെയർ ഗീവർമാർക്ക് പരിശീലനം നൽകും. കൂടാതെ പ്രവർത്തനങ്ങൾക്കുള്ള റിസോഴ്സ് മെറ്റീരിയൽസ് തയ്യാറാക്കൽ, സാങ്കേതിക പിന്തുണ എന്നിവയും സായംപ്രഭ ടെക്‌നിക്കൽ സപ്പോർട്ട് സംഘം നൽകണം.

കേന്ദ്രത്തിൽ 20 ഗുണഭോക്താക്കൾ

 60 അറുപത് വയസ് കഴിഞ്ഞവരാണ് ഗുണഭോക്താക്കൾ

 ഒരു കേന്ദ്രത്തിൽകുറഞ്ഞത് 20 ഗുണഭോക്താക്കളുണ്ടാകും

 പഞ്ചായത്ത് തലത്തിൽ പകൽ ഒത്തുകൂടാൻ സൗകര്യമൊരുക്കും

 വൃദ്ധ പരിപാലന നിയമങ്ങളെയും, ആരോഗ്യ വിഷയങ്ങളെയും കുറിച്ച് ആഴ്ചയിൽ ഒരു ദിവസം ക്ലാസ്

 ആഴ്ചയിൽ ഒരു ദിവസം യോഗ ക്ലാസ്, മെഡിക്കൽ പരിശോധനകൾ.

 പോഷകാഹാരക്കുറവുള്ള വൃദ്ധജനങ്ങൾക്ക് രണ്ട് നേരം ഭക്ഷണം

'പുതിയ വയോജന നയത്തിനൊപ്പം സായംപ്രഭകളെയും കാലോചിതമായി പരിഷ്കരിക്കുകയാണ് ലക്ഷ്യം. സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിലൂടെ സായംപ്രഭകളെ സാമൂഹ്യ വിഭവ കേന്ദ്രമാക്കി മാറ്റാനാകും".

-ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ്