bus

ആലപ്പുഴ: കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതിനെ തുടർന്ന് കച്ചവടം കുറഞ്ഞ കോടതിപ്പാലം മുതൽ കൈചൂണ്ടി വരെയുള്ള വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ നോർത്തിലെ വ്യാപാരികൾ ഇന്ന് രാവിലെ പത്തരയ്ക്ക് കോടതിപ്പാലത്തിന് സമീപം പ്രതിഷേധയോഗം ചേരും. പാലത്തിന്റെ വടക്കേക്കരയിലും വൈ.എം.സി.എ മുതൽ എസ്.ഡി.വി സ്കൂൾവരെ ചെറിയ വാഹനങ്ങൾ കടന്നുപോകത്തക്കവിധം ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. നെഹ്രുട്രോഫി വള്ളംകളിയും ഓണവും വരാനിരിക്കെ ഓട്ടോയും കാറുമുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ വടക്കേക്കരവഴി കടന്നുപോകാൻ അനുവദിച്ചാൽ നഗരത്തിലെ മറ്റ് റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾക്കെത്തി സാധനങ്ങൾ വാങ്ങിപോകാനും കഴിയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

..................

മുഹമ്മ - വൈക്കം റൂട്ടുകളിലേക്കുള്ള ട്രാൻ. സർവീസ്

ആലപ്പുഴയിൽ നിന്ന് മുഹമ്മ, വൈക്കം റൂട്ടുകളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ രാവിലത്തെ ഫസ്റ്റ് ട്രിപ്പൊഴികെ മറ്രെല്ലാ സർവീസുകളും കോടതിപ്പാലത്തിന് വടക്കുവശം എസ്.ഡി.വി സ്കൂളിന് മുന്നിൽ നിന്നാക്കി. 

നിലവിൽ പൊലീസ് നിശ്ചയിച്ച റൂട്ടിലൂടെയുള്ള സർവീസ് സമയവും ഇന്ധനവും നഷ്ടമാക്കുന്ന സാഹചര്യത്തിലാണ് വൈക്കം , ആലപ്പുഴ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ എസ്.ഡി.വിയിൽ നിന്ന് തുടങ്ങി അവിടെ അവസാനിക്കും വിധത്തിലാക്കിയത്.  ഇന്നലെ രണ്ട് ഡിപ്പോകളിൽ നിന്നുമായി പത്ത് ബസുകളാണ് സർവീസുണ്ടായിരുന്നത്.

വടക്കുനിന്ന് വരുന്ന ബസുകൾ സ്കൂളിന് മുന്നിൽ പുന്നമട റൂട്ടിലേക്ക് ഇറക്കി തിരിച്ച് ഓട്ടോസ്റ്റാന്റിന് സമീപത്ത് നിന്നാണ് പുറപ്പെടുന്നത്.

..........................

''റോഡ് വികസനത്തിനോ നിർമ്മാണ പ്രവർത്തനങ്ങൾക്കോ വ്യാപാരികൾ എതിരല്ലെന്നും പ്രതിദിനം ആയിരംരൂപപോലും വിൽപ്പനയില്ലാത്ത വിധത്തിൽ കടകളുടെ പ്രവർത്തനം തടസപ്പെട്ട സാഹചര്യത്തിലാണ് വടക്കേക്കരയിലും ഭാഗികമായി ഗതാഗതം ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നത്

-അബ്ദുൾ അസീസ്, ആർ. സുഭാഷ്,വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് യൂണിറ്റ് ഭാരവാഹികൾ