shabari-salkkaram

മാന്നാർ: മോക്ഷ പ്രാപ്തിക്കായി കാലങ്ങളോളം കാത്തിരുന്ന് ശ്രീരാമന് ആതിഥ്യമരുളി സായൂജ്യം നേടിയ കാട്ടാള സ്ത്രീയായ ശബരിയെ അനുസ്മരിച്ച് തൃക്കുരട്ടി രാമായണ മേളയുടെ ഉദ്ഘാടന വേദിയിൽ ഡോ.എ. രാധാകൃഷ്ണൻ കൊടകരയുടെ നേതൃത്വത്തിൽ നടത്തിയ 'ശബരി സത്കാരം' ചേർത്തു പിടിക്കലിന്റെ സന്ദേശം പകരുന്നതായി. ശ്രീരാമനെ സ്വീകരിച്ച മാതൃകയിൽ ആദിവാസി ഊരിൽ നിന്നെത്തിയ മലയ പണ്ടാരം വിഭാഗത്തിൽപെട്ട അന്നമ്മ (74)യ്ക്കാണ് 'ശബരി സത്കാരം' ഒരുക്കിയത്. അവരെ വേദിയിലേക്ക് ആനയിച്ച് കുടൽമന വിഷ്ണു നമ്പൂതിരി കാൽ കഴുകി സ്വീകരിച്ചിരുത്തി പൂക്കളും പഴവർഗ്ഗങ്ങളും നൽകിയാണ് സത്കരിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു. രാമായണ മേളയുടെ സംഘാടകസമിതി ഭാരവാഹികളായ കലാധരൻപിള്ള കൈലാസം, അനിരുദ്ധൻ ചിത്രാഭവനം, ഹരികുമാർ ശിവം, സുകു ആര്യമംഗലം, അനിൽ നായർ ഉത്രാടം എന്നിവർ നേതൃത്വം നൽകി.