ochukal

മാന്നാർ: മഴക്കാലം എത്തിയതോടെ രൂക്ഷമായ ഒച്ചുകളുടെ വ്യാപനത്തിൽ പൊറുതി മുട്ടി ചെന്നിത്തല, മാന്നാർ, പാണ്ടനാട് നിവാസികൾ. ഈ പ്രദേശങ്ങളിലായി പുറംതോടില്ലാത്ത നഗ്ന ഒച്ചുകളാണ് സ്വൈര്യ ജീവിതം കെടുത്തുന്നത്. സ്ലഗ്സ് എന്നറിയപ്പെട്ടുന്ന നഗ്ന ഒച്ചുകൾക്ക് പുറംതോടില്ലാത്തതിനാൽ അവയുടെ ശരീരം ഈർപ്പമുള്ളതായിരിക്കും. ഇവ സസ്യങ്ങളെ ആഹാരമാക്കുകയും, കാർഷിക വിളകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും. തണുപ്പും ഈർപ്പവുമുള്ള പ്രതലങ്ങളിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുന്നത്. വീടുകൾക്കുള്ളിലും പുറത്തും കൃഷിസ്ഥലങ്ങളിലും ഒച്ചുകളും ശല്യം ഏറെയാണ്. ഓണക്കാല പച്ചക്കറി കർഷകരെയാണ് ഒച്ചുകളുടെ ശല്യം ഏറെ ബാധിച്ചിരിക്കുന്നത്. കപ്പ, വാഴ, പച്ചക്കറി, ചേന എന്നീ കൃഷികൾ ഇവ തിന്ന് നശിപ്പിക്കുകയാണ്. വീടുകളിൽ മുറിക്കുള്ളിലും ശുചി മുറികളിലും കിണറുകളുടെ സമീപത്തുമായി പറ്റിപിടിച്ചിരിക്കുന്ന ഒച്ചുകളെ കാണാം. വീടിന്റെ കതകുകളിലും ഭിത്തികളിലും ഇവ പറ്റി പ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടാതെ കുട്ടികളും മുതിർന്നവരും അവയെ സ്പർശിക്കുന്നതിനാൽ രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.

...................

#മുൻകരുതലുകളും പ്രതിരോധവും

 ചപ്പുചവറുകൾ, കരിയിലകൾ, അടുക്കള മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക.

ഒച്ചുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഉപ്പ് വിതറിയാൽ അവ ആ ഭാഗത്തേക്ക് വരില്ല.

ഒരു പാത്രത്തിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് അതിൽ അല്പം സോപ്പ് പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് സ്പ്രേ ബോട്ടിലിൽ നിറച്ച് ഒച്ചുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തളിക്കുക.

......

# മണ്ണ് കിളച്ച് ഒച്ചുകളെ ഒഴിവാക്കാം

കൃഷിസ്ഥലങ്ങളിൽ മണ്ണ് കിളച്ച് ഒച്ചുകളെ ഒഴിവാക്കാം. കിളച്ച മണ്ണിൽ ഒച്ചുകൾക്ക് സഞ്ചരിക്കാൻ എളുപ്പമല്ലാത്തതിനാൽ അവ ഒഴിഞ്ഞു പോകുമെന്നാണ് കർഷകർ പറയുന്നത്. ഉപ്പുകൾ കൃഷി തോട്ടങ്ങളിൽ വിതറിയാണ് കർഷകർ ഒരുപരിധി വരെ ഒച്ചുകളെ നശിപ്പിക്കുന്നത്. എന്നാൽ ദിവസേന ചാക്ക് കണക്കിനുളള ഉപ്പ് വിതറൽ കർഷകന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.