thushar-vellappally

ഹരിപ്പാട്: ലോകത്ത് ദൈവത്തിന്റെ കൈകൾ കൊണ്ട് രൂപീകൃതമായ സംഘടന എസ്.എൻ.ഡി.പി യോഗം മാത്രമാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ ശാഖ നേതൃത്വ സംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവമായ ശ്രീനാരായണഗുരുദേവന്റെ ദൈവികത്വത്തെ ചോദ്യം ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എഴുതിവച്ചിരിക്കുന്ന ഗ്രന്ഥങ്ങളിൽ കൂടി മാത്രം പ്രവാചകന്മാർ ഉണ്ടെന്നും അവർ ദൈവമാണെന്നും പറയുന്നവർ നേരിൽ അനുഭവം ഉള്ള ഗുരുവിന്റെ ദൈവികത കണ്ടില്ലെന്ന് നടിക്കുന്നു. ഒരു രാഷ്ട്രീയക്കാരനും എഴുത്തുകാരനും ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുന്നില്ല. മറിച്ച് ഗുരുവിന്റെ വചനങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. നവമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും ആരെക്കുറിച്ചും എന്തും പറയാം എന്ന സ്ഥിതിയാണുള്ളത്. മാനനഷ്ടക്കേസിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളത് ഇത്തരക്കാർക്ക് ധൈര്യം പകരുന്നു. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്നാണ് ചിലർ പറയുന്നത്. എന്നാൽ മൈക്രോ ഫിനാൻസ് എസ്.എൻ.ഡി.പിയുമായി നേരിട്ട് യാതൊരു സാമ്പത്തിക ഇടപാടും നടത്തുന്നില്ല. ചിലർ യോഗത്തെ പരമാവധി ദ്രോഹിക്കുകയാണ്. ആയിരക്കണക്കിന് കേസുകളാണ് എടുത്തിട്ടുള്ളത്. ഒരു കേസ് പോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് മുതൽ ഇ.ഡി വരെയുള്ള എല്ലാ ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും യാതൊന്നും നിയമ വിരുദ്ധമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതൊക്കെ തരത്തിൽ ആക്ഷേപിക്കാൻ കഴിയുമോ അതെല്ലാം ശ്രമിച്ചു. യോഗത്തിനും ജനറൽ സെക്രട്ടറിക്കും എതിരായ ഒരു ഉത്തരവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംഘടനയെയും സംഘടനാ ബോധത്തെയും തകർക്കാൻ പുറത്തുനിന്ന് ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.