ആലപ്പുഴ : നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കോടതിപ്പാലം ഉടൻ പൊളിച്ചുനീക്കും. പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി പാലത്തിലുണ്ടായിരുന്ന ലൈറ്റുകളും പരസ്യബോർഡുകളും കേബിളുകളും പൈപ്പുകളും നീക്കം ചെയ്തു തുടങ്ങി.
പൈലുകളുടെ കോൺക്രീറ്റ് കഴിഞ്ഞ ദിവസം പൂർത്തിയായതിന് പിന്നാലെയാണ് പാലം പൊളിക്കുന്നതിനുളള മുന്നൊരുക്കങ്ങൾ കെ.ആർ.എഫ്.ബി ആരംഭിച്ചത്. പാലം പൊളിക്കുന്നതോടെ തെക്കേക്കക്കരയിൽ നിന്ന് വടക്കേക്കരയിലേക്ക് കാൽനടയുൾപ്പെടെയുള്ള യാത്ര ഔട്ട് പോസ്റ്റ് ഭാഗത്തെ താൽക്കാലിക ബണ്ട് പാലം വഴിയാകും. വടക്കേക്കരയിൽ നിലവിലുള്ള ചെറിയ റോഡ് ചെറിയ വാഹനങ്ങളുടെ സഞ്ചാരത്തിനും കാൽനടയ്ക്കും കഴിയുംവിധം കുറച്ചുകൂടി വിപുലപ്പെടുത്തും. അതേസമയം പാലം പൊളിക്കുന്നതിനൊപ്പം കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് കോടിതപ്പാലത്തിന് സമീപം നടപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ വടക്ക് യൂണിറ്റ് കളക്ടർക്ക് നിവേദനം നൽകി. അതേസമയം കനാലിന്റെ തെക്കേക്കരയിൽ പൈപ്പ് ലൈനുകൾൾ സ്ഥാപിക്കുന്ന ജോലികൾ വാട്ടർ അതോറിട്ടിആരംഭിച്ചു.
വടക്കേക്കരയിൽ ഗതാഗതം സാധിക്കില്ലെന്ന് കെ.ആർ.എഫ്.ബി
1. പാലത്തിന്റെ വടക്കുഭാഗത്ത് കനാൽക്കരയിലൂടെ വൈ.എം.സി.എ ജംഗ്ഷനിലേക്ക് ചെറിയ വാഹനങ്ങൾക്ക് വഴിസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
2. കനാലിന്റെ വടക്കേക്കരയിൽ ഗർഡറുകളുടെ നിർമ്മാണവും അവ അങ്ങോട്ടും ഇങ്ങോട്ടും നീക്കാനുള്ള യന്ത്ര സംവിധാനവും സജ്ജീകരിച്ചിരിക്കുന്നതിനാൽ അതുവഴി കാൽനടപോലും അനുവദിക്കാനാകില്ലെന്ന് കെ.ആർ.എഫ്.ബി
3. 172 ഗർഡറുകളാണ് പാലത്തിനായി വേണ്ടിവരുന്നത്. മൂന്നെണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്. ശേഷിക്കുന്നവയുടെ നിർമ്മാണം കനാൽക്കരയിൽ വച്ചേ നടത്താൻ കഴിയൂവെന്നിരിക്കെ വാഹനങ്ങളോ കാൽനടയോ സാദ്ധ്യമാകില്ല
തെക്കേക്കരയിലെ ട്രാൻസ്ഫോമർ നീക്കി മരങ്ങളും മുറിച്ചുമാറ്റിയാൽ ഈയാഴ്ച തന്നെ നിർമ്മാണ ജോലികൾക്കായി സൈറ്റ് കരാർ കമ്പനിക്ക് കൈമാറും
- കെ.ആർ.എഫ്.ബി