ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശ്യമരുന്നുകൾ പോലും സ്റ്റോക്കില്ലാതായതോടെ രോഗികൾ ദുരിതത്തിൽ. അർഹരായവർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകേണ്ട മരുന്നുകൾ ഇരട്ടിയിലധികം വിലയിൽ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികളുംകൂട്ടിരിപ്പുകാരും.

മരുന്നുക്ഷാമം തുടങ്ങിയിട്ട് രണ്ടുമാസമായെന്ന് രോഗികൾ പറയുന്നു. അതിരാവിലെ ഒ.പിയിലെത്തി മണിക്കൂറുകൾ കാത്തിരുന്നാണ് പലരും ഡോക്ടർമാരെ കാണുന്നത്. പരിശോധനയ്ക്കുശേഷം കുറിപ്പടിയുമായി ഫാർമസിയിൽ എത്തുമ്പോഴാണ് മരുന്നില്ലെന്ന് അറിയുക. ഇതോടെ പുറത്തുള്ള മരുന്നുകടകളെ ആശ്രയിക്കേണ്ടിവരും.

വിവിധപദ്ധതികളിൽ സൗജന്യമായി കിട്ടേണ്ട മരുന്നുകൾ പോലും ഇവിടെ ലഭിക്കുന്നില്ല. 18 വയസ് വരെയുള്ളവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന സർക്കാർ വാഗ്ദാനവും ആശുപത്രിയിൽ നടപ്പിലാവുന്നില്ല. ചികിത്സയ്ക്കെത്തുന്ന കുട്ടികളുടെ മരുന്നുകളും ലഭ്യമല്ല. വിലക്കുറവിൽ മരുന്നു ലഭിച്ചിരുന്ന കാരുണ്യ മെഡിക്കൽ സ്റ്റോറിലും പ്രധാന ഇനം മരുന്നുകളിൽ പലതും കിട്ടാറില്ല.

വിലകൂടിയവ പുറത്ത് നിന്ന് വാങ്ങണം

1. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഹൃദ്രോഗികൾ കഴിക്കുന്ന ടികാഗ്രെലർ പോലുള്ള മരുന്നുകൾ ലഭിക്കാനില്ല. 500 രൂപ വരെയാണ് ഇതിന് വില

2. ഇത് കൂടാതെ പക്ഷാഘാതം, വൃക്ക, കരൾ എന്നീ രോഗങ്ങൾക്കുള്ള ഭൂരിഭാഗം മരുന്നുകളും പുറത്ത് നിന്ന് വാങ്ങി കഴിക്കേണ്ട അവസ്ഥയാണ്.

3. 10 രൂപക്ക് മുകളിലുള്ള മരുന്നുകളെല്ലാം പുറത്ത് നിന്ന് വാങ്ങണം. ആശുപത്രിയിൽ ഞായറാഴ്ച ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്

4. നിരവധി കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആരും തയ്യാറാവുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്

കുട്ടികൾക്ക് അവശ്യമുള്ള മരുന്നുകൾ വരെ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അവശ്യ മരുന്നുകൾ ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണം.

- യു.എം.കബീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം