ph
പ്രധാന ഇരുനിലകെട്ടിടം

കായംകുളം : കായംകുളം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ഹൈസ്കൂളും പ്രർത്തിയ്ക്കുന്ന പ്രധാന ഇരുനിലകെട്ടിടം ഘടനാപരമായി അസ്ഥിരമാണെന്ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗിലെ സ്ട്രക്ചറൽ കൺസൾട്ടൻസി വിഭാഗം കണ്ടെത്തിയതോടെ സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി.

കായംകുളം നഗരസഭയിലെ എൻജീനിയറിംഗ് വിഭാഗം ഫിറ്റാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 9ക്ളാസ് മുറികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കോൺക്രീറ്റ് അടർന്ന് വീണതോടെ വിദ്യാർത്ഥികളെ മാറ്റിയിരുന്നെങ്കിലും ഹയർസെക്കൻഡറിയുടെയും ഹൈസ്കൂളിന്റെയും ഓഫീസുകൾ ഇപ്പോഴും ഇവിടെയാണ് പ്രവർത്തിക്കുന്നത്. അഞ്ച് ലാബുകളും സ്റ്റാഫ് റൂമും ഇവിട‌െ പ്രവർത്തിച്ചിരുന്നു. 1959ൽ നിർമ്മിച്ച ഇരുനില കെട്ടിടം അപകടത്തിലാണന്ന് നിരവധിപേർ ചൂണ്ടിക്കാട്ടിയിരുന്നു.നഗരസഭ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എത്തി കെട്ടിടം പരിശോധിച്ചതിനു ശേഷമാണ് കൊല്ലം എൻജിനീയറിംഗ് കോളേജ് വിംഗിന്റെ സഹായം തേടിയത്. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇനി എവിടെ ക്ളാസുകൾ നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.

പ്രവർത്തനം പ്രതിസന്ധിയിൽ

 സൗകര്യപ്രദമായ മറ്റ് കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ തൊട്ടത്തുള്ള എൽ.പി , യു.പി സ്കൂളുകളിലേക്ക് പ്രവർത്തനം മാറ്റേണ്ട അവസ്ഥയാണുള്ളത്

 കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ മേൽക്കൂര,ഭിത്തി, ജനാല, വാതിൽ എന്നിവിടങ്ങളിൽ നിരവധി വിള്ളലുകൾ കണ്ടെത്തി

 ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ക്ലാസ് മുറിയുടെ മുന്നിലെ വരാന്തയിലേക്കാണ് സിമന്റ് പാളി വീണത്

 നഗരസഭ ഇടപെട്ടാണ് ക്ളാസുകൾ ഇവിടെ നിന്ന് മാറ്റിയത്. പക്ഷേ പകരം സംവിധാനം ഏർപ്പെടുത്താനായില്ല

.