മാവേലിക്കര : കീച്ചേരികടവ് പാലത്തിന്റെ രണ്ടു ഗർഡറുകളിൽ ഒന്നിന്റെ കോൺക്രീറ്റ് നടക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സംഭവത്തിൽ രാഘവ് കാർത്തിക്, ബിനു എന്നീ തൊഴിലാളികൾ ദാരുണമായി മരിച്ചു.
ഇന്നലെ ഒന്നേകാലോടെ രണ്ട് ഗർഡറുകളിൽ ഒന്നിന്റെ കോൺക്രീറ്റ് ഇട്ടുകൊണ്ടിരിക്കെ വലിയ ശബ്ദം തൊഴിലാളികൾ കേട്ടു. ഈ സമയം എഴ് തൊഴിലാളികൾ ഗർഡർ കോൺക്രീറ്റിംഗ് ജോലിയിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്താണ് ശബ്ദത്തിനുള്ള കാരണമെന്നറിയാൻ രാഘവ് കാർത്തിക് താഴേക്ക് ഇറങ്ങിനോക്കി.
ഗർഡർ കോൺക്രീറ്റിനുള്ള ട്രസിന്റെ നട്ട് പൊട്ടിയതായി മനസിലായതിനെ തുടർന്ന് മറ്റൊരു നട്ട് ഘടിപ്പിക്കുന്നതിനിടെ പൊടുന്നനെ ട്രസും കോൺക്രീറ്റും ഉൾപ്പെടെയുള്ളവ ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിനിടെ ബിനുവും രാഘവും ഒഴുക്കിൽപ്പെട്ടു. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി മിലന്റെ തുടയെല്ലിനു പൊട്ടലുണ്ടായി. ഝാർഖണ്ഡ് സ്വദേശി സുമിത്ത് കിർക്കതയുടെ കൈക്ക് മുറിവേറ്റു. പടനിലം സ്വദേശി സോമൻ, കരുവാറ്റ നാരകത്തറ വിനീഷ് ഭവനത്തിൽ വിനീഷ് എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
ചെങ്ങന്നൂർ ഫയർഫോഴ്സിലെ സ്‌കൂബ ഡൈവർമാരായയ സുനിൽ ശങ്കർ, ശരത്ത്, കായംകുളത്തു നിന്നുള്ള മുങ്ങൽ വിദഗ്ദൻ ഷിജു എന്നിവരുടേ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ആർ.ഡി.ഒ റ്റി.ഐ.വിജയസേനൻ, മാവേലിക്കര തഹസിൽദാർ അനീഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർത്തികേയൻ ഗീത ദമ്പതികളുടെ മകനാണ് രാഘവ് കാർത്തിക്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങമേ ആയിരുന്നുള്ളൂ.