ചെന്നിത്തല: നിർമ്മാണത്തിലിരുന്ന ചെന്നിത്തല കീച്ചേരി കടവ് പാലത്തിന്റെ ഗർഡർ തകർന്നു വീണതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ മുങ്ങിത്താണവരിൽ ഒരാൾക്ക് രക്ഷയായത് അന്യ സംസ്ഥാന തൊഴിലാളികൾ എറിഞ്ഞ് കൊടുത്ത കയർ. പടനിലം സ്വദേശി സോമനാണ് കയറിൽ പിടിച്ച് കരകയറിയത്. കീച്ചേരി കടവ് പാലത്തിന്റെ വടക്കേക്കരയിൽ നിന്ന് സ്ത്രീകളുടെ നിലവിളി ഉയർന്നപ്പോൾ തെക്കേക്കരയിൽ പുത്തൻപുരയിൽ ജയകുമാറിന്റെ വീടിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഓടിയെത്തുകയും നിർമ്മാണസ്ഥലത്ത് ഉപയോഗിച്ചിരുന്ന ഏറെ നീളമുള്ള പ്ലാസ്റ്റിക് കയർ ആറ്റിലേക്ക് എറിഞ്ഞു കൊടുക്കുകയുമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായ സാഹിബ് റാവുത്ത് (52), അനിൽ ഷാ (32), ശത്രുധൻ സ്വാഹിനി (40) എന്നിവരാണ് കയർ എറിഞ്ഞു കൊടുത്തത്. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമത്തിനായി ഇരിക്കുമ്പോഴായിരുന്നു സ്ത്രീകളുടെ നിലവിളി കേട്ടത്. സാഹിബ് റാവുത്ത് 20 വർഷത്തോളമായി കേരളത്തിൽ എത്തിയിട്ട്. മറ്റ് രണ്ടുപേരും 10 വർഷത്തോളമായി കേരളത്തിൽ നിർമ്മാണ മേഖലയിൽ ജോലിയെടുക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടത് ഇവരെ ഏറെ ദുഃഖത്തിലാക്കി.