മുഹമ്മ: എം.കെ സാനു മുൻകൈയെടുത്ത് രൂപീകരിച്ച മംഗലത്ത് കുടുംബയോഗം അദ്ദേഹത്തെ അനുസ്‌മരിച്ചു. എം.കെ സാനുവിന്റെ അനന്തിരവൾ മുഹമ്മ കൃഷ്ണ നിവാസിൽ രേണുകയുടെ വസതിയിൽ നടന്ന ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തു. എം.കെ സാനുവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ യോഗം ചേർന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 ഓളം കുടുംബങ്ങൾ ചേർന്നതാണ് മംഗലത്ത് കുടുംബയോഗം. 2002 ലാണ് രൂപീകരിച്ചത്. എല്ലാ ഡിസംബറിലെയും അവസാന ഞായറാഴ്ചയായിരുന്നു മംഗലത്ത് കുടുംബ സംഗമം. ഇതിൽ ആദ്യാവസാനം വരെ സാനു മാഷ് കൃത്യമായി പങ്കെടുത്തിരുന്നതായും ശ്രീനാരാണ ഗുരുവിന്റെ ഉപദേശങ്ങൾക്കനുസരിച്ച് ജീവിക്കണമെന്ന് ഉപദേശിച്ചിരുന്നതായും കുടുംബാംഗങ്ങൾ ഓർമ്മിച്ചു.
കുടുംബയോഗ അംഗങ്ങൾക്കും നാടിനും സാനുമാഷിന്റെ വേർപാടോടെ വലിയ തണൽ മരമാണ് നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു. കുടുംബയോഗം പ്രസിഡന്റ് എം.പി.സുനിൽകുമാർ അദ്ധ്യക്ഷനായി.മുഹമ്മ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജെ.ജയലാൽ, മണ്ണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ദീപ്തി അജയകുമാർ, പഞ്ചായത്ത് മെമ്പർ കെ.എസ്.ദാമോദരൻ, കവി സി.ജി.മധുകാവുങ്കൽ,
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, ആര്യക്കര ക്ഷേത്ര യോഗം പ്രസിഡന്റ് കെ.കെ.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.