1

മാവേലിക്കര​ : കീച്ചേരിക്കടവിന് കറുത്ത തിങ്കളായിരുന്നു ഇന്നലെ. പാലംതകർന്നുണ്ടായ അപകടത്തിൽ അച്ചൻകോലിലാറ്റിലെ ഒഴുക്കിൽപ്പെട്ട് മരി​ച്ച രാഘവ് കാർത്തിക്കിന്റെ ബന്ധുക്കളുടേയും ബിനുവിന്റെ ജ്യേഷ്ഠൻ ബിജുവിന്റെയും കരച്ചിലുകൾക്ക് മുന്നിൽ കീച്ചേരിക്കടവ് വി​തുമ്പി​. രാഘവിന്റെ മാതാവ് ഗീതയുടെ അലമുറയിട്ടുള്ള കരച്ചിൽ കീച്ചേരിക്കടവിനെയൊന്നാകെ കണ്ണീരിലാഴ്ത്തി. അഞ്ചുമാസം മാത്രം പിന്നീട്ട ദാമ്പത്യത്തിൽ രാഘവിനെ നഷ്ടമായ ഭാര്യ ആതിരയുടെ വിതുമ്പൽ കരളലിയിക്കുന്നതായിരുന്നു.

രാഘവിന്റെ പിതാവ് കാർത്തികേയൻ കടവിലേക്ക് തന്നെ കണ്ണുനട്ട് നോക്കിയിരുന്നപ്പോൾ അദ്ദേഹത്തെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ പകച്ചു നി​ന്നു എല്ലാവരും. വിവരം അറിഞ്ഞ് കടവിലേക്ക് എത്തിയ ബന്ധുക്കളിൽ പലർക്കും രാഘവ് പല പ്രതിസന്ധികളിൽ നിന്നും അവരെ ചേർത്തു പിടിച്ച് രക്ഷപ്പെടുത്തിയ കഥകളാണ് പറയാനുണ്ടായിരുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കണ്ണുകൾ ഈറനണിയുന്നതും കീച്ചേരിക്കടവിന്റെ കാഴ്ചയായി.

വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാർ

കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണത്തിലെ അപാകത മുമ്പേ ചൂണ്ടിക്കാട്ടിയി​രുന്നെന്ന് വാർഡ് മെമ്പർ സോമവല്ലി പറഞ്ഞു. ശക്തമായ ഒഴുക്കിനെത്തുടർന്ന് ഒഴുകി വന്ന മരം ഇടിച്ച് ട്രസ്സിന്റെ ഒരു തൂൺ തകർന്നു പോയിരുന്നു. അതുമാറ്റി പുതിയ തൂണ് സ്ഥാപിച്ചപ്പോൾ സുരക്ഷാ പരിശോധനകൾ നടത്തിയില്ല.

അപകടം അറിഞ്ഞ് നി​ർമ്മാണ കമ്പനി​യുടെ സൂപ്പർവൈസറോട് എത്ര തൊഴിലാളികൾ കോൺക്രീറ്റിന് ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് മറുപടി പറഞ്ഞതെന്ന് പ്രദേശവാസിയായ മുരളീധരൻ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണമാണ് അപകടത്തിൽ കലാശിച്ചതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.