മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തവരുടെ പേരുകളാണ് നറുക്കെടുക്കുന്നത്.
ചങ്ങനാശേരി ഗ്രൂപ്പിലെ വാകത്താനം ദേവസ്വത്തിൽ നിന്നുള്ള എം.ഇ.മനുകുമാർ, മാവേലിക്കര ഗ്രൂപ്പിൽ നിന്നുള്ള ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവസ്വത്തിൽ നിന്നുള്ള എം.എൻ.നാരായണൻ നമ്പൂതിരി, കാട്ടുവള്ളിൽ ദേവസ്വത്തിൽ നിന്നുള്ള കെ.കൃഷ്ണപ്രമോദ്, ഉലച്ചിക്കാട് ദേവസ്വത്തിൽ നിന്നുള്ള അജി നാരായണൻ, ഉള്ളൂർ ഗ്രൂപ്പിൽ നിന്നുള്ള ഒ.ടി.സി ഹനുമാൻ ദേവസ്വത്തിൽ നിന്നുള്ള ബി.ഗണേഷ് പ്രസാദ് എന്നവരാണ് നറുക്കെടുപ്പിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ന് ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പുറപ്പെടാ മേൽശാന്തിയെ ചിങ്ങം ഒന്നിന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അവരോധിക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന നിയുക്ത മേൽശാന്തി സെപ്തംബർ 1 മുതൽ പൂജകൾ ചെയ്തു തുടങ്ങും. ഒരു വർഷമാണ് പുറപ്പെടാ മേൽശാന്തിയുടെ കാലാവധി. നിലവിലെ മേൽശാന്തി ആഗസ്റ്റ് 31ന് രാത്രി പൂജകൾക്ക് ശേഷം നടയടച്ചു താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറും. ദേവസ്വം അധികൃതർ താക്കോൽ നിയുക്ത മേൽശാന്തിക്ക് നൽകും. ക്ഷേത്രവളപ്പിലെ മേൽശാന്തി മഠത്തിലാണ് പുറപ്പെടാ മേൽശാന്തി താമസിക്കുന്നത്.