മാന്നാർ: പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിക്കുകയും മാന്നാറിന്റെ മനസിനെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വങ്ങൾക്ക് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന 23-ാമത് അഖില കേരള രാമായണമേളയുടെ ഉദ്ഘാടന വേദിയിൽ ആദരവ് നൽകി. രാഷ്ട്രപതിയിൽ നിന്ന് അതിവിശിഷ്ട, വിശിഷ്ട സേവാമെഡലുകൾ കരസ്ഥമാക്കിയ എയർവൈസ് മാർഷൽ പി.കെ.ശ്രീകുമാർ(റിട്ട.), മാന്നാറിന്റെ ചരിത്ര ഗ്രന്ഥകാരൻ പി.ബി. ഹാരിസ് എന്നിവർക്കാണ് കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുന്നാൾ ആദിത്യവർമ്മ, തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ.രാമകൃഷ്‌ണൻ എന്നിവർ ആദരവ് നൽകിയത്. മാന്നാറിന്റെ ചരിത്രം പറയുന്ന 'മാന്ധാരം' ഗ്രന്ഥകർത്താവാണ് പാലക്കീഴിൽ പി.ബി ഹാരിസ് 'മാന്ധാര'ത്തിന്റെ അവതാരിക എഴുതിയ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ മകൻ അവിട്ടം തിരുന്നാൾ ആദിത്യവർമ്മയുടെ സാന്നിദ്ധ്യത്തിൽ തന്നെ തൃക്കുരട്ടിയുടെ മണ്ണിൽ ആദരവ് സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്.