traffic

ആലപ്പുഴ: കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തെത്തുടർന്ന് കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് ജംഗ്ഷൻ വരെയുള്ള യാത്ര ദുരിതപൂർണം. ചെറുവാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയുകയുള്ളൂ. രണ്ടര മീറ്റർ വീതിയിലുള്ള റോഡിലൂടെയാണ് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനിടയിൽക്കൂടി വേണം കാൽനട യാത്രക്കാരും സഞ്ചരിക്കേണ്ടത്.

തട്ടിയും മുട്ടിയും ഹാൻഡിലുകളിൽ ഉടക്കിയുമാണ് ഇരുചക്രവാഹനങ്ങളിലെ യാത്ര. ഒരുകാറിന് മാത്രം കടന്നുപോകാൻ സ്ഥലമുള്ളിടത്താണ് ഇത്രയും അധികം വാഹനങ്ങൾ എത്തുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ നിറുത്തിയിടുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാനുമാകില്ല.

വരുമാനം നിലച്ച് ഓട്ടോറിക്ഷക്കാർ

 കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ അനക്കാൻ പറ്റാത്ത തരത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു

 ഈ ആഴ്ചയോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്

 അതുവരെ എങ്കിലും ഗതാഗതം നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്

 റോഡിലൂടെയുള്ള ഗതാഗതം കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിലെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും വരുമാനം കുത്തനെ കുറഞ്ഞു

 ഇവിടുത്തെ സ്റ്റോപ്പുകളിൽ ബസ് ഇറങ്ങുന്നവരായിരുന്നു ഓട്ടോക്കാരുടെ പ്രധാന ആശ്രയം. ബസ് ഇതുവഴിയില്ലാതായതോടെ ആ വഴി അടഞ്ഞു

.

കഴിഞ്ഞ 40 വർഷമായി ഇവിടെ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. യാത്രക്കാരാരും എത്തുന്നില്ല. വണ്ടിയിൽ പെട്രോൾ അടിക്കുന്നത് തന്നെ കടം വാങ്ങിയാണ്.

-ദിനേശൻ, ഓട്ടോറിക്ഷ തൊഴിലാളി