ambala

അമ്പലപ്പുഴ: ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ വളർച്ചയും വികാസവും ഉറപ്പാക്കുന്ന ഹാഫ് ബർത്ത്ഡേ പദ്ധതിക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. പദ്ധതി നടപ്പാക്കുന്ന ആദ്യമെഡിക്കൽ കോളേജാണ് ആലപ്പുഴ. കുരുന്നുകൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം മതിയാകും. തുടർന്നുള്ള വളർച്ചയ്ക്കും വികാസത്തിനും പൂരക ഭക്ഷണങ്ങൾ കൂടി ആവശ്യമാണ്. എന്നാൽ, രക്ഷിതാക്കളുടെ അറിവില്ലായ്മയും മിഥ്യാധാരണകളും കാരണം ഈ ഘട്ടത്തിൽ ശരിയായ പോഷണം കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഹാഫ് ബർത്ത് ഡേ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

കുരുന്നുകൾക്ക് കുറുക്ക് നൽകിയും കേക്ക് മുറിച്ചും എച്ച്. സലാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന പ്രസിഡന്റ് ഡോ.ഐറിയാസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ.ബി. പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ, നാഷണൽ ന്യൂനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ്, ഐ.എ.പി വൈസ് പ്രസിഡന്റ് സംഗീത ജോസഫ്, ഒ ആൻഡ് ജി വിഭാഗം മേധാവി ഡോ.സംഗീതാ മേനോൻ, ശിശുരോഗ വിഭാഗം കൺസൾട്ടന്റ് ഡോ.മൈന, എ.എ.പി സെക്രട്ടറി ഡോ.എ.എസ്.അൻഷ എന്നിവർ സംസാരിച്ചു.ശിശുരോഗ വിഭാഗം പ്രൊഫ.ഡോ.ജയറാം ശങ്കർ സ്വാഗതം പറഞ്ഞു.

സംസ്ഥാനത്ത് ആദ്യം

1.ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം, നാഷണൽ നിയോനെറ്റോളജി ഫോറം, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും ഹാഫ് ബർത്ത്ഡേ

പരിപാടി സംഘടിപ്പിക്കും

2.മെഡിക്കൽ കോളേജിൽ പിറക്കുന്ന എല്ലാ നവജാത ശിശുക്കളെയും ആറുമാസം പിന്നിടുമ്പോൾ ആശുപത്രിയിലേക്ക് ക്ഷണിച്ച് ശിശുരോഗ വിദഗ്ധൻ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും

3.ശിശുക്കൾക്ക് ശരിയായ വളർച്ചയുണ്ടോ, ശിശുവികാസത്തിന്റെ പ്രധാന ഘട്ടങ്ങൾ ശരിയാംവണ്ണം കടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും

4. പ്രതിരോധ കുത്തിവയ്പ്പുകളെല്ലാം എടുത്തിട്ടുണ്ടോ എന്ന് ഉറപ്പാക്കും. കുഞ്ഞുങ്ങളുടെ പരിചരണം,​ വളർച്ച എന്നിവയുമായി ബന്ധപ്പെട്ടുള്ള മാതാപിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കും