payalum-polayum

മാന്നാർ: ബണ്ട് റോഡിൽ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടി പായലും പോളയും നീക്കം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂർ കണ്ണംകുഴി ബണ്ട് റോഡിലാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വലിയ രീതിയിൽ പായലും പോളകളും അടിഞ്ഞു കൂടിയത്. വെള്ളം ഇറങ്ങിയെങ്കിലും പോളയും പായലും റോഡിൽ തന്നെ കെട്ടിക്കിടന്നതിനാൽ ഇതു വഴിയുള്ള സഞ്ചാരം ദുരിതത്തിലായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ റോഡിൽ അടിഞ്ഞുകൂടിയ പോളയും പായലും വൃത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഇതേ രീതിയിൽ റോഡ് വൃത്തിയാക്കിയിരുന്നു. വെള്ളപ്പൊക്കത്തിൽ പായലും മറ്റും റോഡിലേക്ക് കയറാതിരിക്കാൻ പറ്റുന്ന തരത്തിലുള്ള സംവിധാനം റോഡിന്റെ ഇരു വശങ്ങളിലും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആലോചിക്കുമെന്ന് ടി.വി.രത്നകുമാരിയും അനീഷ് മണ്ണാരേത്തും പറഞ്ഞു.