ആലപ്പുഴ: ആലപ്പുഴയുടെ ചരിത്രം പേറിയ കോടതിപ്പാലം ഇനി ഓർമ്മ. കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുളള പാലം പൊളിച്ചു നീക്കി തുടങ്ങി. ടാറിംഗ് ഇളക്കി മാറ്രിയ പാലത്തിന്റെ കോൺക്രീറ്റ് കട്ടിംഗ് ജോലികൾ ആരംഭിച്ചു. ഒരാഴ്ചയ്ക്കകം പാലം പൂർണമായും പൊളിച്ചുമാറ്രുമെന്നാണ് കരുതുന്നത്. പാലം പൊളിച്ചുനീക്കിയശേഷം പാലത്തിനടിയിൽ സ്ഥാപിക്കേണ്ട പൈലുകൾക്കായുള്ള ജോലികൾ ആരംഭിക്കും. കോടതിപ്പാലത്തിന്റെ തെക്കേക്കരയിൽ പുരോഗമിക്കുന്ന നിർമ്മാണ ജോലികളുടെ ഭാഗമായി വൈദ്യുതി പോസ്റ്രുകൾ നീക്കം ചെയ്തു തുടങ്ങി. പഴയ പോസ്റ്രുകൾക്ക് പകരം പുതിയ ലോഹ പോസ്റ്റുകൾ സ്ഥാപിച്ചു. കനാലിന്റെ തെക്കേക്കരയിലെ ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോമറുകളും നീക്കം ചെയ്ത് മരങ്ങളും മുറിച്ചുനീക്കിയിലുടൻ തെക്കേക്കരയിലെ റോഡ് പൂർണമായും നിർമ്മാണത്തിനായി അടയ്ക്കും.