ചെന്നിത്തല : നിർമ്മാണത്തിനിടെ ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ ഗർഡർ തകർന്നുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വിഭാഗം വിജിലൻസ് പ്രാഥമിക പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലൻസ് ഓഫീസർ കൂടിയായ അസി.എക്സിക്യുട്ടിവ് എൻജിനിയർ ജീനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയായിരുന്നു പ്രാഥമിക പരിശോധന നടത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുവാൻ അപകടം നടന്നയുടൻ തന്നെ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ മന്ത്രി മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം മാന്നാർ അസി.എൻജിനീയർ ശ്രീജിത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ അജിത് കുമാർ, അസി.എക്സിക്യൂട്ടീവ് എൻിനീയർ ടെസി തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണി കഴിഞ്ഞായിരുന്നു ചെന്നിത്തല - ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽപ്പതിച്ച് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചത്. മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത കാർത്തികേയൻ ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു -24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി -അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.