ചാരുംമൂട്: പരുമല ആശുപത്രിയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ, തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചാരുംമൂട്ടിൽ പരുമല മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ചാരുംമൂട് ജംഗ്ഷനിലെ വെനീസ് ബിൽഡിംഗിലെ മെഡിക്കൽ സെന്ററിന്റെ കൂദാശ ചടങ്ങുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്, ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്സ്, എൻഡോക്രൈനോളജി, ന്യൂറോളജി, ജനറൽ സർജറി, ഇ.എൻ.ടി. തുടങ്ങിയ വിഭാഗങ്ങളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഒ.പി സേവനം ഇവിടെ ലഭ്യമാണ്. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് പ്രവർത്തനം. 21ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം എമർജൻസി, ഫാർമസി, ലബോറട്ടറി തുടങ്ങിയവയുടെ സേവനങ്ങൾ 24 മണിക്കൂർ ലഭ്യമാക്കും. അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഒ.പി. വിവരങ്ങൾ അറിയാനും 0479 317 7000 എന്ന നമ്പറിൽ ബന്ധപ്പെടാം.