ചാരുംമൂട്: ചുനക്കര സ്വദേശിനി ദ്വാദശി എം.പിള്ളയുടെ നാണയ, കറൻസി ശേഖരം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. വിവിധ രാജ്യങ്ങളുടെ മുഖനാണയങ്ങളും കറൻസികളുമാണ് ദ്വാദശിയെ ബഹുമതിക്ക് അർഹയാക്കിയത്. 66 രാജ്യങ്ങളിലെ 1056 വ്യത്യസ്ത നാണയങ്ങളും 54 രാജ്യങ്ങളിലെ 223 കറൻസികളുമാണ് ഈ പതിനൊന്നുകാരിയുടെ ശേഖരത്തിലുള്ളത്. ചുനക്കര തെക്ക് കൽപ്പകയിൽ മഹേഷ് കുമാർ പിള്ളയുടെയും ദീപ ആർ.നായരുടെയും മകളായ ദ്വാദശിക്ക് നൂറോളം രാജ്യങ്ങളുടെ കറൻസികളുടെ പേരുകളും മന:പാഠമാണ്. പറയംകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്വാദശി.